
മലേഷ്യയിലെ ഒരു കഫേ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമാവുകയാണ്. ഈ കഫേയില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് കമ്പനിയാകുന്നത് പാമ്പുകളും പല്ലികളുമൊക്കെയാണ്. മലേഷ്യയിലെ കോലാലംപൂരിലാണ് ലോകത്തിലെ തന്നെ ആദ്യത്തെ ഈ ഉരഗ കഫേ സ്ഥിതി ചെയ്യുന്നത്. ഉരഗസ്നേഹിയായ യാപ് മിംഗ് യാങ് തന്റെ സ്വപ്നസാക്ഷാത്കാരം എന്നപോലെയാണ് ഈ കഫേ ആരംഭിച്ചിരിക്കുന്നത്. മനുഷ്യന് പൂച്ചയോടും, പട്ടിയോടും കാണിക്കുന്ന അതേ സ്നേഹം തന്നെ ഇഴജന്തുക്കളോടും കാണിക്കുക എന്നതാണ് താന്‍ ലക്ഷ്യമിടുന്നത് എന്നാണ് ഇയാള്‍ പറയുന്നത്. ഡെക്രി ഫാങ്സ് എന്ന് പേരിട്ടിരിക്കുന്ന കഫേ ഇഴജന്തുക്കളും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് വേണ്ടിയാണെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പൂച്ചയെയും പട്ടിയെയുമൊക്കെ ആളുകള്‍ സ്നേഹിക്കുന്നതുപോലെ, തന്റെ കഫേയില്‍ എത്തിയാല്‍ പാമ്പിനെയും പല്ലികളെയും സ്നേഹിക്കാനും ആളുകള്‍ പഠിക്കുമെന്നാണ് യാപ് മിംഗ് യാങ് പറയുന്നത്. അതുകൊണ്ട് തന്നെ ഇദ്ദേഹം തന്റെ കഫേയ്ക്കു ചുറ്റിനും സ്ഥാപിച്ചിരിക്കുന്ന ഗ്ലാസ് ടാങ്കുകളില്‍ നിറയെ പാമ്പുകളും, പല്ലികളും, പഴുതാരകളും, പുഴുക്കളും ഒക്കെയാണ്. കഫേയില്‍ എത്തുന്ന ഉരഗസ്നേഹികളായ ചിലര്‍ അവയെ കൈകളില്‍ എടുത്ത് താലോലിക്കാനും മടിക്കാറില്ല എന്നാണ് യാപ് പറയുന്നത്.
മലേഷ്യന്‍ ഹെര്‍പെറ്റോളജി (ഉരഗങ്ങളെക്കുറിച്ചുള്ള പഠനം) സൊസൈറ്റിയിലെ അംഗമായ യാപ് പരിസ്ഥിതി ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. ആളുകള്‍ ഇഴജന്തുക്കളെ വെറുപ്പോടെ കാണുന്നത് അവസാനിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ഇയാള്‍ പറയുന്നത്.






