
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ എസ്എഫ് ഐ നടപടിയിലും കോഴിക്കോട് ഓഫീസിലെ പോലീസ്
പരിശോധനയിലും പ്രതിഷേധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. മാധ്യമങ്ങള്‍ തെറ്റ് ചെയ്താൽ നടപടിയാകാം,
പക്ഷേ ആ നടപടി പകപോക്കലിനുള്ള അവസരമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ലഹരിക്ക് എതിരായ ക്യാംപയിന്റെ ഭാഗമായാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയത് .കേസുണ്ട് ,ചാർജ് ഷീറ്റുണ്ട്, പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ കേസ് എടുത്തതാണ്. ആരുടേയും ചിത്രം വാർത്തയിൽ വ്യക്തമല്ല. ആർക്കും മനസിലാക്കാൻ പാടില്ലാത്ത ചിത്രം വച്ചാണ് വാർത്ത ചിത്രീകരിച്ചത്. ഈ വീഡിയോ യഥാർത്ഥമല്ല എന്ന് വേണമെങ്കിൽ കൊടുക്കാമായിരുന്നു എന്ന് മാത്രമാണ് ഇതിൽ പറയാവുന്ന തെറ്റ്.






