
കൊച്ചി: ലൈഫ് മിഷന് പദ്ധതിയിലെ അഴിമതിയിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ഇഡി നല്കിയ കത്തില്‍ പറയുന്നു.
സിഎം രവീന്ദ്രന്റെ പേര് പരാമര്‍ശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. സ്വപ്നാ സുരേഷ് നല്കിയ മൊഴില്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് അറിവോടെയാണെന്നാണ്. വിഷയത്തില്‍ ചോദ്യം ചെയ്യലിനായി ഇഡി രവിന്ദ്രന് കത്ത് നല്കിയപ്പോള് നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടികാട്ടി ഒഴിവാകുകയായിരുന്നു. അതേസമയം സ്വപ്നയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകള്‍ക്കും അപ്പുറം കേസില്‍ രവീന്ദ്രനെ ബന്ധിപ്പിക്കാനാകുന്ന കൂടുതല്‍ കാര്യങ്ങള്‍ ഇഡിക്ക് കണ്ടെത്താന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
ഒന്നാംപിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയില്‍ ഇഡി എടുത്ത കള്ളപ്പണകേസില്‍ ശിവശങ്കറിന് ശേഷം അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ രണ്ടാമത്തെയാളാണ് സിഎം രവീന്ദ്രന്.






