
മാസം തികയാതെ പിറന്ന ഇരട്ടകുഞ്ഞുങ്ങളുടെ കാര്യത്തില്‍ റെക്കോഡിട്ട് കാനഡയിലെ സഹോദരി സഹോദരന്മാര്. കാനഡയിലെ ടൊറന്റോയില്‍ ഒന്റാരിയോയിലെ മൗണ്ട് സിനായ് ആശുപത്രിയില്‍ കുഞ്ഞുങ്ങളാണ് ഇക്കാര്യത്തില്‍ റെക്കോഡിട്ടത്. ആദിയാ, അദ്രിയാല് നാദരാജാ എന്ന് പേരിട്ടിരിക്കുന്ന 2022 മാര്‍ച്ച് 4 ന് ജനിച്ച ഇരട്ടകള്‍ക്ക് ഇപ്പോള്‍ ഒരു വയസ്സ് പൂര്‍ത്തിയായി.
126 ദിവസം മുമ്പ് ജനിച്ച കുഞ്ഞുങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൂടി ആകെ 750 ഗ്രാമായിരുന്നു ഭാരം. 2015 ല്‍ 125 ദിവസം മുമ്പ് ജനിച്ച 40 ആഴ്ച വളര്‍ച്ചയെത്തി ജനിച്ച ഇരട്ടകളുടെ ലോകറെക്കോഡാണ് ഇവര്‍ തകര്‍ത്തത്. ഗര്‍ഭിണിയായി 21 ആഴ്ചയും അഞ്ചു ദിവസവും പിന്നിട്ടപ്പോള്‍ ഗര്‍ഭപാത്രം ചുരുങ്ങുന്നതും രക്തസ്രാവവും പ്രസവവേദനയും തോന്നിയതിനെ തുടര്‍ന്നായിരുന്നു മാതാവ് ഷക്കീന രാജേന്ദ്രത്തെ ആശുപത്രിയില്‍ കൊണ്ടുപോയത്.
കുഞ്ഞുങ്ങളെ കിട്ടാന്‍ പൂജ്യം ശതമാനം ചാന്‍സാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അള്‍ട്രാസൗണ്ട് സ്കാനിംഗില്‍ ഇരട്ടകള്‍ ജീവനോടെയും ശക്തമായ ഹൃദയമിടിപ്പോടെയും ഇരിക്കുന്നത് കണ്ട് മാതാപിതാക്കള്‍ ഡോക്ടര്‍മാരോട് കേണപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മൗണ്ട് സീനായ് ഹോസ്പിറ്റലില്‍ 22 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങള്‍ പിറന്നുവീണു. 2022 മാര്‍ച്ച് 4 ന് പുലര്‍ച്ചെ 1.22 മണിക്ക് ആദിയാ ജനിച്ചു. വെറും 330 ഗ്രാമായിരുന്നു ആദിയയുടെ ഭാരം.
പുലര്‍ച്ചെ 1.45 ന് 420 ഗ്രാം ഭാരമുള്ള സഹോദരന് ആഡ്രിയാലും ജനിച്ചു. സാധാരണഗതിയില്‍ ഈ രീതിയിലുള്ള കുട്ടികള്‍ ജനിച്ചാല്‍ 22 ശതമാനം മാത്രമാണ് ജീവിച്ചിരിക്കാന്‍ സാധ്യത. എന്നാല്‍ ഒരാഴ്ച കഴിഞ്ഞതോടെ കുഞ്ഞുങ്ങള്‍ അതിജീവിക്കാന്‍ 55 ശതമാനം സാധ്യതയായി. തലച്ചോറുമായും കിഡ്നിയുമായും ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടക്കത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടികളെ ആറുമാസം ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ വെച്ചു. തുടര്‍ന്നായിരുന്നു വീട്ടിലേക്ക് അയച്ചത്. ഒരു വയസ് തികഞ്ഞ ഇവരെത്തേടി ലോകറെക്കോഡും വന്നു.






