
ചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെ ബിജെപി ബന്ധത്തില്‍ ആഴത്തില്‍ വിള്ളലുണ്ടാക്കിക്കൊണ്ട് ഇരുപാര്‍ട്ടികളിലേക്കും പ്രവര്‍ത്തകരുടെ ഒഴുക്ക്. ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ നിലയിലേക്ക് പോയതോടെ ചില ബിജെപി പ്രവര്‍ത്തകര്‍ കോവില്‍പ്പട്ടിയില്‍ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയുടെ പോസ്റ്ററുകള്‍ കീറുകയും കത്തിക്കുകയും ചെയ്തു. എഐഎഡിഎംകെ നടത്തിയ റാലിയെ തുടര്‍ന്ന് നാല് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തിന് പിന്നാലെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ഇ.പി.എസിന്റെ എതിരാളി പണ്ണീര്ശെല്വത്തെ വിളിച്ച് കുറ്റക്കാരായ പാര്‍ട്ടിക്കാരെ ശക്തമായ നടപടിയെടുത്ത് പുറത്താക്കുമെന്നും പാര്‍ട്ടിയില്‍ നിന്നും ആള്ക്കാര് കൊഴിഞ്ഞാലും തനിക്ക് പ്രശ്നമില്ലെന്നും താന്‍ എം കരുണാനിധിയെയും ജെ ജയലളിതയെയും പോലെ ശക്തനായ നേതാവാണെന്നും പറഞ്ഞു.
രണ്ടു ദിവസം മുമ്പ് ബിജെപിയുടെ ഐടി വിംഗ് തലവന്‍ സി.ടി. നിര്‍മ്മല്‍കുമാര്‍ പാര്‍ട്ടി മാറിയത് മുതല്‍ രണ്ടു പാര്‍ട്ടിയിലേക്കും പരസ്പരം മാറിക്കേറുന്ന പ്രവണത പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. അണ്ണാമലൈയുടെ സാന്നിദ്ധ്യത്തില്‍ ചൊവ്വാഴ്ച 100 എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അതിലും കൂടുതല്‍ ആള്ക്കാര് ബിജെപിയില്‍ നിന്നും ഇ.പി.എസ് പക്ഷത്തേക്കും മാറി. ചെന്നൈ വെസ്റ്റില്‍ ബിജെപിയുടെ ഐടി വിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന അനേകരാണ് പാര്‍ട്ടി വിട്ട് ബുധനാഴ്ച എഐഎഡിഎംകെയില്‍ ചേര്‍ന്നത്.
തങ്ങളുടെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തുമെന്നാണ് എഐഡിഎംകെ വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് രണ്ടു പാര്‍ട്ടിയിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇതിനൊപ്പം ഈറോഡിലെ ഉപതെരഞ്ഞെടുപ്പ് കൂടി വരുന്ന സാഹചര്യത്തില്‍ ബിജെപിയെയും എഐഎഡിഎംകെയും ഒരുമിപ്പിക്കാന്‍ അണ്ണാമലൈ സമാധാനദൂതനാകാനുള്ള ശ്രമവും നടത്തുകയാണ്. ചൊവ്വാഴ്ച ബിജെപിയുടെ പ്രവര്‍ത്തകര്‍ എഐഎഡിഎംകെയില്‍ ചേര്‍ന്നത് പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ കണ്മുന്നിലായിരുന്നു. ഇത് ബിജെപി - എ ഐഎഡിഎംകെ ബന്ധം വഴുതുന്നതിന്റെ സൂചനയായി കണക്കാക്കുന്നത്.
ഇതിന് തൊട്ടു പിന്നാലെ ഉച്ചയ്ക്ക് എഐഎഡിഎംകെയുടെ 72 പുരുഷന്മാരും 42 സ്ത്രീകളും ബിജെപി സംസ്ഥാനഘടകത്തിന്റെ പ്രസിഡന്റ് അണ്ണാമലൈയുടെ സാന്നിദ്ധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. ചെന്നൈയില്‍ ബിജെപി തമിഴ്നാട് ഐടി വിംഗ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി എസ്.വി. കൃഷ്ണന്, ഐടി വിംഗിന്റെ മൂന് സ്റ്റേറ്റ് സെക്രട്ടറി പി. ദിലീപ് കണ്ണന്, ഒബിസി വിംഗ് സ്റ്റേറ്റ് സെക്രട്ടറി ജ്യോതി, ട്രിച്ചി റൂറല്‍ ഡിസ്ട്രീക്ട് വൈസ് പ്രസിഡന്റ് വിജയ് എന്നിവര്‍ പളനിസ്വാമിയെ വിളിച്ചു. ബിജെപി ഐടിവിംഗ് സംസ്ഥാന പ്രസിഡന്റ് സിടിആര്‍ നിര്‍മ്മല്‍കുമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ഇപിഎസുമായി കൈകോര്‍ത്തതിന് പിന്നാലെയായിരുന്നു ഈ സംഭവവും.






