
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്‌ജിത്തിന് ഇടക്കാല ജാമ്യമില്ല. രഞ്‌ജിത്ത് ജയിലില്‍ തുടരും. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇടക്കാല ജാമ്യം വേണമെന്ന രഞ്‌ജിത്തിന്റെ ആവശ്യം കോടതി തള്ളി.
രഞ്‌ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂഷന്‍ വോട്ട് ചെയ്യാന്‍ അവകാശമുണ്ടെന്നു പറയുന്നതു 1951ലെ ആക്‌ട് പ്രകാരം ശരിയല്ലെന്നു വ്യക്‌തമാക്കി.
ജയിലില്‍ ഉള്ളയാള്‍ക്കു വോട്ടുചെയ്യാന്‍ അവകാശമില്ല. രഞ്‌ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് എറണാകുളം ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളേയ്‌ക്കു മാറ്റി.
സിനിമാ ലൊക്കേഷനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന നടിയുടെ പരാതിയിലാണു രഞ്‌ജിത്തിനെ അറസ്‌റ്റ് ചെയ്‌തത്. രഞ്‌ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണു പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്നുപറഞ്ഞു കാരവാനിലേക്കു വിളിച്ചുവരുത്തി രഞ്‌ജിത്ത് ലൈംഗികമായി ഉപദ്രവിച്ചെന്നാണു നടിയുടെ പരാതി.
എറണാകുളത്തുനിന്നു തൊടുപുഴയിലേക്കു പോകുന്ന വഴി മുട്ടത്തുവച്ചാണ് എറണാകുളം സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നു തൊടുപുഴ പോലീസ് രഞ്‌ജിത്തിനെ കസ്‌റ്റഡിയിലെടുത്തത്. തുടര്‍ന്നു എറണാകുളം സിറ്റി പോലീസിനു കൈമാറുകയായിരുന്നു. എറണാകുളം സബ്‌ജയിലിലാണ് രഞ്‌ജിത്ത്.






