
പുന്നല: ഭര്‍ത്താവിനെ കൂട്ടിരുത്തി ഭാര്യ വീട്ടിനുള്ളില്‍ തന്നെ പ്രസവിച്ച സംഭവത്തില്‍ യുവതി ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കാതിരുന്നതിന് കാരണം സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളെന്ന് സൂചന. പത്തനംതിട്ട പുന്നലയില്‍ നടന്ന സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പ്രാദേശിക പ്രാഥമികാരോഗ്യകേന്ദ്രത്തിലെ വിദഗ്ദ്ധന്റെ റിപ്പോര്‍ട്ടും കിട്ടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയായിരുന്നു യുവതി വീട്ടിനുള്ളില്‍ തന്നെ പ്രസവിച്ചത്.
ആശുപത്രിയില്‍ പോകാതെ ഭര്‍ത്താവിനെ കൂട്ടിരുത്തി യുവതി പ്രസവിക്കുകയായിരുന്നു. പിന്നീട് ഭര്‍ത്താവ് തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചത് അനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു. സഹോദരിയുടെ പ്രസവവത്തില് ഉണ്ടായ പ്രശ്നങ്ങള്‍ കാരണം യുവതിയ്ക്ക് ആശുപത്രിയില്‍ പോകാന്‍ ഭയമായിരുന്നു എന്നാണ് ഇക്കാര്യത്തില്‍ ഭര്‍ത്താവ് നല്കിയ വിശദീകരണം.
ഉച്ചയ്ക്ക് 1ന് പ്രസവ വേദന തുടങ്ങിയപ്പോള്‍, ദമ്പതികള്‍ മുറിയില്‍ക്കയറി കതകടച്ചെന്നും കുഞ്ഞിന്റെ കരച്ചില് കേട്ടപ്പോഴാണ് വീട്ടുകാരും അറിയുന്നതെന്നുമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇവര്‍ സ്ഥലത്തെത്തി ആശുപത്രിയില്‍ പോകുന്നതിന് നിര്‍ദേശം നല്‍കിയെങ്കിലും കൂട്ടാക്കിയില്ല. യുവതി 2.900 കി.ഗ്രാം തൂക്കം വരുന്ന പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. പ്രസവവുമായി ബന്ധപ്പെട്ട് യുവതി ആകെ ആശുപത്രിയില്‍ പോയത് മൂന്ന് മാസം മാത്രമായിരുന്നു. പിന്നീട് വീട്ടില്‍ പ്രസവിച്ചവരെക്കുറിച്ച് പഠിച്ചും അറിഞ്ഞും മനസ്സിലാക്കിയും സ്വയം പ്രസവം നടത്തി. തന്റേത് സാന്നിദ്ധ്യം മാത്രമായിരുന്നെന്നും ഭര്‍ത്താവ് പറഞ്ഞു.
കൊട്ടാരക്കരയിലെ വീട്ടില്‍ നിന്ന് പ്രസവത്തിന് ഒരാഴ്ച്ച മുന്‍പ് യുവതി ഭര്‍തൃവീട്ടിലെത്തി. ആശുപത്രിയില്‍ പോകുന്ന കാര്യം പ്രസവത്തിന് രണ്ടുദിവസം മുമ്പ് സൂചിപ്പിച്ചിട്ടും തലേദിവസം രാത്രിയില്‍ പറഞ്ഞിട്ടുപോലും കുഴപ്പമില്ലെന്നായിരുന്നു യുവതി നല്‍കിയിരുന്ന മറുപടി. തുടര്‍ന്ന് മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ അനീഷ് ജോര്‍ജ് വിശദവിവര റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കിയിട്ടുണ്ട്.






