ഹൈദരാബാദ്; ലിവിംഗ് ടുഗദര്‍ എന്നത് ഇപ്പോള്‍ സര്‍വ സാധാരണമാണ്. ഏറെ നാളത്തെ ലിവിംഗ് ടുഗദറിന് ശേഷം വിവാഹം കഴിക്കുന്നവരും കുറവല്ല. ഇത്തരത്തില്‍ ഏറെ വിവാദമായിരിക്കുന്നത് തെലങ്കാനയില്‍ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഒരു യുവാവിന്റെ വിവാഹമാണ്.
യുവാവിന് രണ്ട് യുവതികളുമായിട്ടായിരുന്നു ബന്ധമുണ്ടായിരുന്നത്. രണ്ട് വ്യത്യസ്ത ഗ്രാമങ്ങളിലെ യുവതികളുമായി ബന്ധം പുലര്‍ത്തിയത് യെരബോരു ഗ്രാമത്തിലെ എം സത്തിബാബുവാണ്. രണ്ടിടത്തായി കഴിഞ്ഞ രണ്ട് യുവതികളിലും ഇയാള്‍ക്ക് ഓരോ കുട്ടികളും ഉണ്ടായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായി ലിവിംഗ് ടുഗദറില്‍ ആയിരുന്ന യുവാവ് രണ്ട് യുവതികളെയും വിവാഹം കഴിക്കാനായി തീരുമാനിക്കുകയായിരുന്നു. വിവാഹ ക്ഷണക്കത്തിലും ഇയാള്‍ രണ്ട് യുവതികളുടെ പേര് ചേര്‍ത്തിരുന്നു.
രണ്ട് യുവതികളുടെ പേരുള്ള ക്ഷണക്കത്ത് പ്രചരിച്ചതോടെ മാദ്ധ്യമങ്ങളടക്കം വിവാഹം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഗ്രാമത്തിലെത്തി. നിരവധി ആളുകള്‍ ആദിവാസി വിഭാഗത്തിലുള്ള യുവാവിന്റെ വിവാഹത്തില്‍ പങ്കെടുത്തു. മാദ്ധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ വിവാഹം ഉദ്യോഗസ്ഥര്‍ എത്തി മുടക്കുമോ എന്ന ആശങ്കയും യുവാവിന്റെ വീട്ടുകാര്‍ക്കുണ്ടായിരുന്നു. അതിനാല്‍ രാവിലെ നടക്കേണ്ടിരുന്ന വിവാഹ ചടങ്ങുകള്‍ തലേന്ന രാത്രി തന്നെ നടത്തുകയും ചെയ്തു.






