
കോട്ടയം: സഭാ തര്‍ക്കത്തില്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്കിയ ഇടതുമുന്നണിയുടെ തീരുമാനത്തിനെതിരേ കടുത്ത നിലപാടുമായി ഓര്‍ത്തഡോക്സ് സഭ. അതോടെ അനുനയനീക്കവുമായി സര്‍ക്കാര്‍ രംഗത്ത്.
ജനകീയ പ്രതിരോധ ജാഥയുമായി ഇന്നലെ കോട്ടയത്തെത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, സഭയുടെ നിലപാടുകൂടി സംരക്ഷിച്ചായിരിക്കും നിയമം കൊണ്ടുവരികയെന്ന് ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ: ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസുമായി മുഖ്യമന്ത്രി പിണറായി വിജയനും ആശയവിനിമയം നടത്തി. പുതിയ ബില്ല് കൊണ്ടുവരുമ്പോള്‍ സുപ്രീം കോടതി വിധി അനുസരിച്ച് 1934-ലെ ഭരണഘടന ഉറപ്പാക്കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം.
സഭാ ഭരണഘടനയ്ക്കു വിരുദ്ധമായി നിയമം കൊണ്ടുവന്നാല്‍ നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. ഇതനുസരിച്ച് 1934-ലെ ഭരണഘടന എല്ലാ വിശ്വാസികള്‍ക്കും ബാധകമാകും.
ഭരണഘടനയനുസരിച്ച്, മലങ്കര അസോസിയേഷന് തെരഞ്ഞെടുക്കുന്ന മലങ്കര മെത്രാപ്പോലീത്തായ്ക്കുമാത്രമേ സഭ ഭരിക്കാന്‍ അവകാശമുള്ളൂ. അതുപോലെ മലങ്കര അസോസിയേഷന് തെരഞ്ഞെടുക്കുന്ന മെത്രാപ്പോലീത്തമാര്ക്കുമാത്രമേ ഭദ്രാസനങ്ങളുടെ ചുമതല നിര്‍വഹിക്കാനാകൂ. ഈ മെത്രാപ്പോലീത്തമാര്‍ ചുമതലപ്പടുത്തുന്ന വൈദികര്‍ക്ക് മാത്രമേ ഇടവകളിലെ ആത്മീയ അധികാരച്ചുമതല നിര്‍വഹിക്കാനുമാകൂ.
ഇടവക ജനങ്ങളുടെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ഇടവക ഭരണം നിര്‍വഹിക്കപ്പെടണമെന്നാണ് സര്‍ക്കാരിന്റെ കരട് ബില്ലിലെ ശിപാര്‍ശ. ഈ അടിസ്ഥാനത്തില്‍ ഇടവക വികാരിമാരെ തെരഞ്ഞെടുക്കാനുള്ള അവകാശവും ബില്ലില്‍ ഉണ്ടെന്നാണ് അറിയുന്നത്. അതേസമയം, 1934-ലെ ഭരണഘടനയനുസരിക്കുന്ന ആര്‍ക്കും സഭയുടെ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കുമെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്. ഫലത്തില്‍ ഈ വിഷയം വീണ്ടും വ്യവഹാരത്തിനു വഴിയൊരുക്കും.
ഓര്‍ത്തഡോക്സ് സഭയുമായി ഇടയുന്നതു ഗുണകരമല്ലെന്ന വിലയിരുത്തലാണ് ഇടതുമുന്നണിക്കുള്ളത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇടതുമുന്നണിക്കു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതു തങ്ങളുടെ പിന്തുണകൂടി ലഭിച്ചതിനാലാണെന്നു സഭാനേതൃത്വം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ സര്‍ക്കാരിനെതിരേ കടുത്ത പ്രതിഷേധവുമായി രംഗത്തുവരാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം.






