
കൊച്ചി: എറണാകളം നഗരം കേന്ദ്രികരിച്ച് മയക്കുമരുന്ന് വിതരണം നിയന്ത്രിച്ചിരുന്ന ക്വട്ടേഷന്‍ സംഘതലവനും ചലച്ചിത്രതാരവും എക്സൈസിന്റെ പിടിയില്‍. പ്രതികളില്‍ നിന്ന് 22 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിയിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.
കൊച്ചി ഞാറയ്ക്കല്‍ കിഴക്കേ അപ്പങ്ങാട്ട് ബ്ലാവേലി വീട്ടില്‍ ശ്യാം കുമാര്‍ (ആശാന് സാബു-38), ചലച്ചിത്രതാരം തൃശൂര്‍ കാര്യാട്ടുകര മേലേത്ത് വീട്ടില്‍ നിധിന് ജോസ് (ചാര്‍ലി-32) എന്നിവരെയാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് അസി. കമ്മീഷണറുടെ മേല്‍നോട്ടത്തിലുള്ള സ്പെഷല്‍ ആക്ഷന്‍ ടീം പിടികൂടിയത്.
വധശ്രമം, അടിപിടി, ഭവനഭേദനം, മയക്കുമരുന്ന് കടത്ത് തുടങ്ങി ഒട്ടേറേ ക്രിമിനല്‍ കേസിലെ പ്രതിയായ ആശാന് സാബുവാണ് കൊച്ചിയിലെ മയക്കുമരുന്ന് ശ്യംഖല നിയന്ത്രിച്ചിരുന്നത്. ഒരു മാസത്തിനിടെ ഇയാളുടെ ശ്യംഖലയില്‍പ്പെട്ട പത്തോളം പേരെ പിടികൂടിയിരുന്നെങ്കിലും സാബു പിടിയിലായിരുന്നില്ല.
ചലച്ചിത്രതാരത്തെ കൂട്ടുപിടിച്ച് സാബു എം.ഡി.എം.എ. കച്ചവടം എറണാകുളം നഗരത്തില്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.
ഇടപ്പള്ളി ഭാഗത്തുനിന്നാണ് സാബുവിനെ എം.ഡി.എം.എയുമായി എക്സൈസ് സംഘം പിടികൂടിയത്. സാബു മയക്കുമരുന്ന് കൊച്ചിയിലെത്തിച്ച ശേഷം ചലച്ചിത്രതാരത്തിന്റെ സഹായത്തോടെ വന്‍തോതില്‍ വിറ്റഴിച്ച് വരുകയായിരുന്നു.
ഇയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിധിന് ജോസിനെ എം.ഡി.എം.എയുമായി പിടികൂടിയത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ചാര്‍ലി എന്ന പേരില്വേഷം ചെയ്തയാളാണ് നിധിന് ജോസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.






