
ഹോട്ടല്‍ ഭക്ഷണം കഴിക്കാനായി വരുന്നവര്‍ക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഭക്ഷണം നല്‍കുന്നതിനാണ് ഹോട്ടലുടമകള്‍ വെയിറ്റര്‍മാരെ ശമ്പളം നല്കി നിര്‍ത്തിയിരിക്കുന്നത്. ഹോട്ടല്‍ ജീവനക്കാര്‍ നല്ല സേവനം കാഴ്ചവച്ചാല്‍ പലപ്പോഴും ചിലര്‍ വെയിറ്റര്‍മാര്‍ക്ക് ടിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഇത് ഒരിക്കലും വെയിറ്റര്‍മാര്‍ക്ക് അവകാശപ്പെടുന്ന ഒന്നല്ല. എന്നാലിതാ ടിപ്പ് കുറഞ്ഞു പോയി എന്ന പരാതിയില്‍ ഒരു ഡെലിവറി എക്സിക്യൂട്ടീവ് ഭക്ഷണം ആവശ്യപ്പെട്ട ആള്‍ക്ക് ഭക്ഷണം നല്‍കാതെ അത് തിരികെ കൊണ്ടുപോയിരിക്കുയാണ്.
അമേരിക്കയിലെ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഏജന്‍സിയായ ഡോര്‍ഡാഷ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിനാണ് ഈ ദുരനുഭവം. ഡെലിവറിക്ക് ഒപ്പം ടിപ്പായി ഏകദേശം 8 ഡോളറും ഡെലിവറി എക്സിക്യൂട്ടീവിനായി ഉപഭോക്താവ് ഓണ്‍ലൈന്‍ ആയി അടച്ചിരുന്നു. ഏതാണ്ട് 650 ഇന്ത്യന്‍ രൂപ വരും ടിപ്പ് മാത്രം. എന്നാല്‍ ടിപ്പ് കുറഞ്ഞു പോയി എന്നാരോപിച്ച് ഡെലിവറി എക്സിക്യൂട്ടീവായ യുവതി കൊണ്ടുവന്ന ഭക്ഷണം തിരികെ കൊണ്ടുപോയി.
ഉപഭോക്താവ് സ്മിത്ത്ടൗണിലുള്ള ലോംഗ് ഐലന്‍ഡിലെ കോമാക്കില് നിന്നാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണവുമായി എത്തിയ ഡെലിവറി എക്സിക്യൂട്ടീവിനോട് ഭക്ഷണം ഡോറിന് പുറത്ത് വെച്ച് മടങ്ങികൊള്ളാന് ഉപഭോക്താവ് പറഞ്ഞു. എന്നാല്‍, അങ്ങനെ ചെയ്യാന്‍ തയ്യാറല്ലന്നും താന്‍ ദൂരെ നിന്നാണ് വരുന്നതെന്നും നേരിട്ട് കണ്ട് സംസാരിക്കണമെന്നും ഡെലിവറി എക്സിക്യൂട്ടീവ് നിര്‍ബന്ധം പിടിച്ചു. കാരണം അന്വേഷിച്ചപ്പോള്‍ താന്‍ 40 മിനിറ്റ് ഡ്രൈവ് ചെയ്താണ് ഭക്ഷണവുമായി എത്തിയതെന്നും അതുകൊണ്ട് തനിക്ക് ടിപ്പായി നല്കിയ തുക കുറവാണന്നും കൂടുതല്‍ തുക വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് ഉപഭോക്താവ് തയാറാകാതിരുന്നതോടെ രോഷാകൂലയായ ഡെലിവറി എക്സിക്യൂട്ടീവ് ഭക്ഷണവുമായി മടങ്ങുകയായിരുന്നു.
എന്നാല്‍ ഉടന്‍ തന്നെ ഉപഭോക്താവ് തന്റെ വാതിലില്‍ ഘടിപ്പിച്ചിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവക്കുകയും സംഭവം വ്യക്തമാക്കുകയും ചെയ്തു. നിരവധിപേരാണ് ഡെലിവറി എക്സിക്യൂട്ടീവിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. തുടര്‍ന്ന് ഡോര്‍ഡാഷ് ഏജന്‍സി ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ടെത്തി ഉപഭോക്താവിനോട് ക്ഷമ ചോദിക്കുകയും ഡെലിവറി എക്സിക്യൂട്ടിവിനെ പിരിച്ചുവിടുകയും ചെയ്തു.






