
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗാ അധ്യാപിക എന്ന ബഹുമതി ഇനി ഇന്ത്യക്കാരിയായ ഏഴ് വയസ്സുകാരി പെണ്‍കുട്ടിക്ക്. ഏഴ് വയസ്സും 165 ദിവസം പ്രായവുമുള്ള പ്രണ്‍വി ഗുപ്ത എന്ന പെണ്‍കുട്ടിയാണ് ഗിന്നസ് വേള്‍ഡ് കെക്കോര്ഡ്സ് പുരസ്കാരത്തിന് അര്‍ഹയായിരിക്കുന്നത്.
വളരെ ചെറുപ്പം മുതല്‍ തന്നെ പ്രണ്‍വി യോഗയോട് ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് മനസ്സിലാക്കിയ പ്രണ്‍വിയുടെ അമ്മയാണ് ആദ്യമായി പ്രണ്വിയെ യോഗ അഭ്യസിപ്പിച്ചത്. മൂന്നര വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ അമ്മയോടൊപ്പം പ്രണ്വിയും യോഗ ചെയ്യുമായിരുന്നു.
200 മണിക്കൂര്‍ യോഗ പരിശീലക കോഴ്സ് പൂര്‍ത്തിയാക്കിയ ഗുപ്ത ഇപ്പോള്‍ യോഗ അലയന് ഓര്‍ഗനൈസേഷന്റെ സെര്റ്റിഫൈഡ് യോഗ ഇന്സ്ട്രക്ടറാണ്. യോഗയെ ഏറെ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ ആഗ്രഹം കൂടുതല്‍ ആളുകള്‍ യോഗയെ കുറിച്ച് മനസ്സിലാക്കുകയും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യണമെന്നാണ്. യോഗയ്ക്ക് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രണ്‍വി എന്ന കൊച്ചു മിടുക്കി പറയുന്നത്.എല്ലാവര്ക്കും യോഗാ പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലേണിംഗ് വിത്ത് പ്രണ്‍വി എന്ന തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പരിശീലന ക്ലാസുകളും പ്രണ്‍വി നല്‍കാറുണ്ട്.
വനിത വിഭാഗത്തിലുള്ള ഏറ്റവും പ്രായം കുറഞ്ഞ യോഗാ അധ്യാപികയ്ക്കുള്ള പുരസ്കാരത്തിനാണ് പ്രണ്‍വി ഇപ്പോള്‍ അര്‍ഹയായിരിക്കുന്നത്. പുരുഷ വിഭാഗത്തിലുള്ള ഏറ്റവും പ്രായം കുറഞ്ഞ യോഗാ അധ്യാപകനുള്ള ബഹുമതിയും ഒരു ഇന്ത്യക്കാരനായ കുട്ടിയുടെ പേരിലാണ്. 9 വയസ്സുള്ള റെയാന്‍ഷ് സുരാനി എന്ന കുട്ടിയുടെ പേരിലാണ് ഈ ബഹുമതി.






