
ന്യുഡല്‍ഹി: ഹോളി ആഘോഷത്തിനിടെ ഡല്‍ഹിയില്‍ ആക്രമണത്തിന് ഇരയായ ജപ്പാന് വിനോദ സഞ്ചാരി മടങ്ങി. ആഘോഷത്തിനിടെ യുവതിയെ ശല്യപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. മധ്യ ഡല്‍ഹിയിലെ പ്രയാഗ്രാജിലായിരുന്നു സംഭവം.
പ്രതികള്‍ മൂന്നു പേരും പ്രദേശവാസികള്‍ തന്നെയാണ്. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളും. ആക്രമണത്തില്‍ പരാതി പോലും നല്‍കാതെയാണ് അവര്‍ ഇന്ത്യയില്‍ നിന്നും ഇന്നലെ ബംഗ്ലാദേശിലേക്ക് പോയത്. താന്‍ ബംഗ്ലാദേശില്‍ എത്തിയെന്നും ശാരീരികവും മാനസികവുമായി നല്ല അവസ്ഥയിലാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യവും ഉയര്‍ന്നിരുന്നു. പ്രതികള്‍ യുവതിയുടെ മുഖം തലയിലും നിറങ്ങള്‍ വാരിപ്പൂശുകയും തലയില്‍ മുട്ട പൊട്ടിച്ച് ഒഴിക്കുകയും ചെയ്തിരുന്നു. ആഘോഷം പരിധി വിട്ടതോടെ യുവതി പ്രതികളില്‍ ഒരാളെ അടിക്കുന്നതും കാണാം.
ആ്രകമണത്തിന് ഇരയായ യുവതിയെ ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ അവരെ കണ്ടെത്തിയിരുന്നു. ജപ്പാന് എംബസിയുമായി പോലീസ് ബന്ധപ്പെടുകയും ചെയ്തിരുന്നു.






