
ബംഗളൂരു: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങള്‍ അവസാനിപ്പിക്കാനും ഒത്തുതീര്‍പ്പ് നടത്താനും വിജേഷ് പിള്ളയെന്നയാള്‍ 30 കോടി വാഗ്ദാനം ചെയ്തുവെന്ന പരാതിയില്‍ കര്‍ണ്ണാടക പോലീസ് അന്വേഷണം തുടങ്ങിയെന്ന് സ്വപ്നാ സുരേഷ് . നായാട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കിലാണ് സ്വപ്നാ ഇക്കാര്യം വ്യക്തമാക്കിയത്.
സ്വപ്ന പറഞ്ഞത്- 'എന്റെ പരാതിയില്‍ കര്‍ണാടക പോലീസ് ധൃത നടപടികള്‍ ആരംഭിച്ചു. വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റര്‍ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി. വിജേഷ് പിള്ള താമസിച്ച് എനിക്ക് ഓഫര്‍ തന്ന ഹോട്ടലില്‍ കൊണ്ടുപോയി തെളിവും ശേഖരിച്ചു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്മെന്റ് പോലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതന്‍'
കേസില്‍ പ്രാഥമികമായ അന്വേഷണം ആരംഭിച്ചതായി കെ ആര് പുര പൊലീസ് സ്റ്റേഷന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ നിലവില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഭീഷണിപ്പെടുത്തിയതിനാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്‍സിആര്‍ (നോണ്‍ കൊഗനൈസബിള് റിപ്പോര്‍ട്ട്) ആണ് രജിസ്റ്റര്‍ ചെയ്തത്. ഭീഷണി പോലുള്ള പരാതികളില്‍ സ്വീകരിക്കുന്ന പ്രാഥമിക നടപടി ആണിത്. എന്‍സിആര്‍ രജിസ്റ്റര്‍ ചെയ്താല്‍ പരാതിക്കാര്‍ക്ക് കോടതിയില്‍ പോകാം. ആര്‍ക്കെതിരെ ആണോ പരാതി കിട്ടിയത് അവരെ വിളിച്ചു വരുത്തി മുന്നറിയിപ്പ് നല്‍കും. വിജേഷ് പിള്ളയോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു






