
തൃശൂര്‍; കണ്ണൂരിലും തൃശൂരിലും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി. തൃശൂരില്‍ അമിത് ഷാ പങ്കെടുത്ത പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് നേതാക്കന്മാര് മാത്രമാണ് താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. അതില്‍ മറ്റാര്‍ക്കും അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍ നല്‍കണമെന്നാണ് സുരേഷ് ഗോപി അമിത് ഷായോട് ആവശ്യപ്പെട്ടത്.
തൃശൂരില്‍ സുരേഷ് ഗോപി പറഞ്ഞതിങ്ങനെ;
''ഈ തൃശൂര്‍ എനിക്ക് വേണം. ഈ തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം. ഈ തൃശൂര്‍ ഞാനിങ്ങോട്ട് എടുക്കുവാ. ഏത് ഗോവിന്ദന് വന്നാലും. ഗോവിന്ദാ, തൃശൂര്‍ ഇനി ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂര്‍ക്കാരേ നിങ്ങള്‍ എനിക്ക് തരണം. നിങ്ങള്‍ തന്നാല്‍ ഞാന്‍ എടുക്കും. അന്തംകമ്മികള്‍, ചൊറിയന്‍ മാക്രികൂട്ടങ്ങള്‍. വരൂ ട്രോള്‍ ചെയ്യൂ. നിങ്ങള്‍ എന്നെ ഇനിയും വളര്‍ത്തു. ഞാന്‍ ദ്രോഹിക്കില്ല.''
''ഇരട്ട ചങ്കുണ്ടായത് ലേലത്തിലാണ്. അതിന് ശേഷം വന്ന ചില ഓട്ട ചങ്കുകളാണ് ഇരട്ട ചങ്കുകളായത്. ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ. കേരളം ഞാന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ടാ. 2024ല്‍ ഞാന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍. രണ്ടു നേതാക്കന്മാര് മാത്രമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല, അടിത്തറയിളക്കണം. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയ്യാറാണ്. ഒരു നരേന്ദ്രന് വടക്കു നിന്ന് ഇറങ്ങി വന്ന് കേരളമെടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ എടുത്തിരിക്കും''
സുരേഷ് ഗോപി തൃശ്ശൂരില്‍നിന്ന് ജയിക്കാന്‍ പോകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നേരത്തെ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് തൃശ്ശൂര്‍ ഹൃദയംകൊണ്ട് ഏറ്റെടുക്കുമെന്ന് ജനശക്തി റാലിയില്‍ സുരേഷ് ഗോപി പറഞ്ഞത്..






