
തങ്കമല: വെളിയിട വിസര്‍ജ്ജനത്തിന് സംസ്ഥാനം വിട ചെല്ലായിട്ട് ആറു വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും 200 ലധികം കുടുംബങ്ങള്‍ മലവിസര്‍ജ്ജനത്തിന് പോകുന്നത് പുറത്തെ കുറ്റിക്കാടുകളില്‍. ആനയും കടുവയും ഉള്‍പ്പെടെയുള്ള വന്യജീവി ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന തങ്കമല തേയില എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ക്കാണ് ഈ ദുര്‍വ്വിധി.
രാംബഹാദൂര്‍ ഠാക്കൂര്‍ ഗ്രൂപ്പിന്റെ തേയില എസ്റ്റേറ്റ് ഇപ്പോള്‍ ഏറ്റെടുത്തിയിരിക്കുന്നത് ബഥേല്‍ പ്ലാന്റേഷന് പ്രൈവറ്റ് ലിമിറ്റഡാണ്. 2016 ല്‍ വെളിയിട വിസര്‍ജ്ജനത്തിന് വിട ചൊല്ലിയതായി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും ഇവിടെ താമസിക്കുന്ന കുടുംബങ്ങളാണ് കുറ്റിക്കാടുകളെ ആശ്രയിക്കുന്നത്. ശൗചാലയം ഇല്ലാത്തതിനാല്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെളിച്ചം വീഴും മുമ്പ് വെള്ളവുമായി പുറത്ത് പോകേണ്ട സ്ഥിതിയാണ്.
പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്നാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. കടുവയുടേയും ആനയുടേയും ആക്രമണങ്ങള്‍ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ സ്ഥലത്ത് കുറ്റാക്കൂരിരുട്ട് തേടി പുറത്ത് പോകേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഒരു എസ്റ്റേറ്റ് ജീവനക്കാരന്റെ നാലു പശുക്കളാണ് കടുവയുടെ ആക്രമണത്തിന് ഇരയായി ചത്തത്.
ശൗചാലയം ഇല്ലാത്ത സാഹചര്യത്തില്‍ എല്ലാവരും പുറത്ത് പോകാന്‍ നിര്‍ബ്ബന്ധിതമാകുന്ന സാഹചര്യമാണുള്ളത്. കടുവയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം രാത്രിയില്‍ കാര്യങ്ങള്‍ കൂടുതല്‍ ദുരിതമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. പല വീടുകള്‍ക്കും ശൗചാലയം ഇല്ലെന്നു നാട്ടുകാര്‍ പറയുന്നു. എസ്റ്റേറ്റില്‍ ശൗചാലയമുള്ള വീടുകള്‍ വളരെ വിരളമാണ്. പലരും സ്വന്തം പണം മുടക്കിയാണ് നിര്‍മ്മിച്ചിട്ടുള്ളതും. 1951 ലെ പ്ലാന്റേഷന് ലേബര്‍ ആക്ടില്‍ കുടിവെളളം, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വേവ്വേറെയുള്ള ശൗചാലയം എല്ലാം നിര്‍ബ്ബന്ധമാക്കിയിട്ടുണ്ടെങ്കിലും പലരും പാലിക്കാറില്ല.






