
ഒരാഴ്ചയോളം കനത്ത മഞ്ഞ് വീഴ്ചയില്‍ കുടുങ്ങിക്കിടന്നയാള്‍ ജീവന് നിലനിര്‍ത്തിയത് മിഠായും ലഘുഭക്ഷണവും കഴിച്ചെന്ന് വെളിപ്പെടുത്തല്‍. ജെറി ജോററ്റാണ് എന്ന 81 വയസുകാരനാണ് ഒരാഴ്ചയോളം തന്റെ കാറില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കുടങ്ങിപ്പോയത്. ഇദ്ദേഹം നാസ മുന്‍ ജീവനക്കാരനാണ്. തന്റെ കാലിഫോര്‍ണിയയിലെ ബിഗ് പൈനിലുള്ള വീട്ടില്‍ നിന്ന് നെവാഡയിലെ ഗാര്‍ഡന്‍വില്ലിലുള്ള കുടുംബ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് ജോററ്റിന്റെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മഞ്ഞ് കുമ്പാരത്തില്‍ കുടുങ്ങിയത്. ശൈത്യകാല കൊടുങ്കാറ്റ് വീശിയടിക്കുന്നതിന്റെ ആദ്യ ദിവസമായിരുന്നു സംഭവം.
സിഎന്‍എന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരി 24 നാണ് സംഭവം നടന്നത്. മഞ്ഞ് വീഴ്ച കനക്കുകയും കാറിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തവിധം മഞ്ഞ് മൂടുകയും ചെയ്തതിനാല്‍ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതോടെ കാറിനുള്ളിലുണ്ടായിരുന്ന ഏതാനും മിഠായികളും ലഘുഭക്ഷണങ്ങളും കഴിച്ച് അദ്ദേഹം ഒരാഴ്ചയോളം ജീവന് പിടിച്ച് നിര്‍ത്തി. മഞ്ഞ് കൂമ്പാരത്തിലേക്ക് താഴ്ന്നിറങ്ങിപ്പോയതിനാല് നിരവധി തവണ ശ്രമിച്ചിട്ടും വാഹനം മഞ്ഞില്‍ നിന്ന് പുറത്തേക്ക് എടുക്കാനോ ഡോറ് തുറന്ന് ഇറങ്ങാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. ശക്തമായ കാറ്റും മഞ്ഞ് വീഴ്ചയും ശമിക്കുന്നതുവരെ കാറിന് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം പിന്നീട് ശ്രമിച്ചത് തന്റെ ജീവന് നിലനിര്‍ത്താനായിരുന്നു.
കാറില്‍ ഭക്ഷ്യയോഗ്യമായി ഉണ്ടായിരുന്നത് ഏതാനും മിഠായികളും ലഘു ഭക്ഷണവും മാത്രമായിരുന്നു. തണുപ്പില്‍ ആശ്വാസമാകാന്‍ ഒരു ചെറിയ പുതപ്പും ഹോട്ടല്‍ ബാത്ത് ടവ്വലും അദ്ദേഹത്തെ സഹായിച്ചു. എന്നാല്‍ നാസയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന് തുണയായത് മനോധൈര്യം മാത്രമായിരുന്നു. ധൈര്യം കൈവിടാതെ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ പറ്റുമെന്ന ശുഭ പ്രതീക്ഷയോടെ ഇരുന്നതിനാല്‍ പ്രതിസന്ധിഘട്ടത്തെ തനിക്ക് തരണം ചെയ്യാനായി എന്നാണ് പിന്നീട് ജോററ്റ് മാധ്യമങ്ങളോട് പറഞ്ഞത്.
കാര്‍ വിന്‍ഡോ താഴ്ത്തിവെച്ച് മഞ്ഞ് കട്ടകള്‍ തിന്ന് ദാഹം ശമിപ്പിച്ചെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇങ്ങനെ ചെയ്യുന്നതിനിടയില്‍ കാറിന്റെ ബാറ്ററി ചാര്‍ജ് തീരുകയും പിന്നീട് വിന്‍ഡോ ഗ്ലാസ് അടയ്ക്കാന്‍ കഴിയാതാവുകയും ചെയ്തു. ഇതോടെ കൊടും തണുപ്പിലായിരുന്നു അവശേഷിച്ച ദിനങ്ങളെന്നും ജെറി ജോററ്റ് പറഞ്ഞു. ജെറി ജോററ്റിനെ കാണാനില്ലെന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ പൊലീസ് അന്വേഷിച്ചപ്പോഴാണ് മഞ്ഞില്‍ പൂണ്ട് പോയ കാറില്‍ കുടുങ്ങിയ നിലയില്‍ ഇദ്ദേഹത്തെ കണ്ടത്തിയത്.






