.jpg)
തിരുവന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തില്‍ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും ഇതിനായി ആവശ്യമായ വിദഗ്ധോപദേശം തേടുമെന്നും അദ്ദേഹം അറിയിച്ചു. തീ അണയ്ക്കുന്നതിനായി പ്രവര്‍ത്തിച്ച കേരള ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വ്വീസ് വിഭാഗത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വാര്‍ത്താകുറിപ്പിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. നിയമസഭയിലെ മൗനം വാര്ത്തയാകുന്നതിനിടയിലാണ് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഫയര്‍ഫോഴ്സിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഇതിനായി ഇവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യന്‍ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, ബിപിസിഎല്‍, സിയാല്‍, പെട്രോനെറ്റ് എല്‍എന്‍ജി, ജെസിബി പ്രവര്‍ത്തിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിമായ ഈ പ്രവര്‍ത്തനത്തില്‍ ഒത്തുചേര്‍ന്ന എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.





