
കൊച്ചി : ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്നുളള വിഷപ്പുക ശ്വസിച്ചുണ്ടായ മരണമെന്ന് പരാതി ഉയര്‍ന്ന് കൊച്ചിയിലെ സംഭവത്തില്‍ ഡെത്ത് ഓഡിറ്റ് നടത്തും. സംഭവത്തില്‍ മരിച്ചയാളുടെ ശരീരത്തില്‍ ഡയോക്സിന്‍ സാന്നിധ്യം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിഗ്ദധ സമതിയെ ചുമതലപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബ്രഹ്മപുരം വിഷയത്തില്‍ എറണാകുളത്ത് ആരോഗ്യ സര്‍വെ തുടങ്ങിയത് മന്ത്രി അറിയിച്ചു.
1567 പേരുടെ വിവര ശേഖരണം നടത്തി. 148 പേര്‍ക്ക് പരിശീലനം നല്കി. 1249 പേര് ചികിത്സ തേടിയെന്നും 11 ശ്വാസ് ക്ലിനിക്കുകള്‍ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. ഇന്ന് 68 പേര് ചികിത്സ തേടി. 6 മൊബൈല്‍ യൂണിറ്റുകളും ചികിത്സാ രംഗത്ത് ഉണ്ട്. ഇന്നലെ രണ്ട് മൊബൈല്‍ യൂണിറ്റായിരുന്നു. ഇന്നലെ 178 പേര് വൈദ്യസഹായം തേടിയെന്നും മന്ത്രി അറിയിച്ചു.
കൊച്ചിയില്‍ ചികിത്സ തേടിയെത്തുന്ന ഭൂരിഭാഗം പേരിലും കണ്ണ് ചോറിച്ചില്‍, ശ്വാസകോശ സംബന്ധമായ അസുഖം, ചോറിച്ചില്‍ എന്നിവയാണ് ഇതുവരെ അനുഭവപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. അതേസമയം ബ്രഹ്മപുരം തീപിടിത്തം ഉണ്ടായി പത്ത് ദിവസം കഴിഞ്ഞാണ് ജനത്തോട് മാസ്ക് വയ്ക്കാന്‍ പറഞ്ഞതെന്ന പ്രതിപക്ഷ ആരോപണം ശരിയല്ലെന്ന് മന്ത്രി വിശദീകരിച്ചു. എറണാകുളത്ത് എത്തി മാര്‍ച്ച് അഞ്ചിന് തന്നെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് വീഡിയോ കാണിച്ച് വിശദീകരിച്ചു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് തുറന്ന സമീപനമാണെന്നും യുദ്ധകാല അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ നടത്തിയതെന്നും മന്ത്രി പറഞ്ഞു.





