
അബുദാബി: പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് രണ്ടു മാസത്തെ താത്ക്കാലിക പെര്‍മിറ്റ് എന്‍ട്രി അനുവദിച്ച് നല്കി യുഎഇ. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസന്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി വെബ്സൈറ്റിലാണ് എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്.
മൂന്ന് ദിവസത്തിനകം തന്നെ നഷ്ടപ്പെട്ട രേഖകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ഐസിപിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിദേശത്തുവെച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെട്ട അപേക്ഷകര്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ യുഎഇ എംബസി സാക്ഷ്യപ്പെടുത്തിയ പൊലീസ് റിപ്പോര്‍ട്ടും നല്‍കണം. പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, സ്പോണ്‍സറുടെ സമ്മതപത്രം എന്നീ രേഖകളും അപേക്ഷയോടൊപ്പം നല്‍കണം. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യുഎഇ വിസയുടെ പകര്‍പ്പ്, യുഎഇ ഐഡിയുടെ പകര്‍പ്പ് എന്നിവയും അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്. അപേക്ഷാ ഫീസ് 150 ദിര്‍ഹമാണ്.
യുഎഇ നിയമ നിര്‍ദ്ദേശങ്ങളനുസരിച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യ നടപടിയായി പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. കുട്ടികളുടെ പാസ്പോര്‍ട്ട് നഷ്ടമായാല്‍ രക്ഷിതാവാണ് പരാതി നല്‍കേണ്ടത്. കമ്പനി ജീവനക്കാരാണെങ്കില്‍ കമ്പനി ലെറ്റര്‍ ഹെഡില്‍ സ്പോണ്‍സറുടെ ഒപ്പും കമ്പനി സീലും പതിപ്പിച്ചുവേണം പരാതി നല്‍കേണ്ടതെന്നാണ് നിയമം. ആശ്രിത വിസക്കാരിലെ അപേക്ഷകരില്‍ സ്പോണ്‍സറുടെ ഒപ്പുപതിപ്പിച്ച സമ്മത പത്രം മാത്രമാണ് അപേക്ഷിക്കുന്നതിന് ആവശ്യം






