
തിരുവനന്തപുരം: ഒടുവില്‍ മൗനം വെടിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്. ബ്രഹ്മപുരം തീപിടിത്തത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തുക. തീപിടിത്തത്തിൽ ഇതുവരെ മുഖ്യമന്ത്രി നിയമസഭയിലോ പുറത്തോ പ്രതികരിച്ചിരുന്നില്ല. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപിച്ചിരുന്നു.
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ മുഴുവന്‍ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്തത്തിലെ ഡയോക്സിന്റെ അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. വിഷപ്പുകയുടെ കാഠിന്യമുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഗ്യാസ് മാസക് നല്‍കണം. വേനല്‍ മഴ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതലെന്നോണം മഴയ്ക്ക് മുമ്പും അതിന് ശേഷവും ജലാശയങ്ങളിലെ ജലത്തിന്റെ ഡയോക്സിന്റെ അളവ് പരിശോധിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് മരണമുണ്ടായെന്ന് ആരോപണം ഉയര്‍ന്ന സംഭവത്തില്‍ ഡെത്ത് ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. മരിച്ചയാളുടെ ശരീരത്തില്‍ ഡയോക്സിന്‍ സാന്നിധ്യം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.






