വാഷിംഗ്ടണ്‍: ചൈനയും ഇന്ത്യയുമായി അതിര്‍ത്തി നിശ്ചയിക്കുന്ന അരുണാചല്‍ പ്രദേശിലെ മക്മോഹന്‍ ലൈന്‍ രാജ്യാന്തര അതിര്‍ത്തിയായി അംഗീകരിച്ച് അമേരിക്ക. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് യു.എസ് സെനറ്റ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
'ഇന്തോ- പസഫിക് മേഖലയില്‍ ചൈന ഭീഷണിയുയര്‍ത്തുന്ന സമയത്ത്, നമ്മുടെ നയതന്ത്ര പങ്കാളികള്‍ക്കൊപ്പം, പ്രത്യേകിച്ച് ഇന്ത്യയ്ക്കൊപ്പം ചേര്ന്നുനില്ക്കേണ്ടത് യു.എസിന് നിര്‍ണായകമാണ്.'- ചൊവ്വാഴ്ച സെനറ്റില്‍ പ്രമേയം അവതരിപ്പിച്ച ബില്‍ ഹാഗെര്തിയും ജെഫ് കെര്ക്ലിയും പറയുന്നു.
ഇരുകക്ഷികളും ചേര്‍ന്ന് കൊണ്ടുവന്ന പ്രമേയം ഐക്യകണേ്ഠനയാണ് അംഗീകരിച്ചത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ തത്സഥിതി ഇല്ലാതാക്കാന്‍ ചൈന നടത്തുന്ന സൈനിക കടന്നുകയറ്റത്തേയും പ്രമേയം അപലപിച്ചു. യു.എസ്- ഇന്ത്യതന്ത്രപരമായ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രമേയം, ഫ്രീ ആന്റ് ഓപണ്‍ ഇന്തോ-പസഫിക് ക്വാഡിനെയും പിന്തുണയ്ക്കണമെന്നും നിര്‍ദേശിച്ചു.
കഴിഞ്ഞ ആറ് വര്‍ഷമായി കിഴക്കന്‍ മേഖലയില്‍ ഇന്ത്യയുമായി ചൈന അതിര്‍ത്തി പങ്കിടുന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് അമേരിക്കന്‍ സെനറ്റില്‍ പ്രമേയം വരുന്നതും. ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശുമായി ചൈന അതിര്‍ത്തി പങ്കിടുന്ന മക്മോഹന്‍ ലൈന്‍ രാജ്യാന്തര അതിര്‍ത്തി രേഖയാണെന്നും പ്രമേയത്തില്‍ പറയുന്നു.
അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് അവര്‍ അവകാശമുന്നയിക്കുന്നതിനെ എതിര്‍ക്കുകയാണ് അമേരിക്കയുടെ പ്രമേയം. പ്രതിരോധം, ടെക്നോളജി, സാമ്പത്തികം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ യു.എസ്- ഇന്ത്യ ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാകും.






