
ബെംഗളൂരു: വിജേഷ് പിള്ളയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ സ്വാഗതം ചെയ്യുന്നുവെന്ന് സ്വപ്ന സുരേഷ്. വിജേഷ് പിളള മാനനഷ്ടത്തിന് കൊടുത്ത പരാതയില്‍ കേസെടുത്തതിന് പിന്നില്‍ മുഖ്യമന്ത്രിയിലോ ഡിജിപിയിലോ അദ്ദേഹത്തിന് സ്വാധീനം കാണുമായിരിക്കുമെന്നും സ്വപ്ന പറഞ്ഞു. അതേസമയം തനിക്കെതിരെ ഇടത് എംഎല്‍എ കെ.ടി. ജലീലിന്റെ പരാതിയില്‍ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായെന്നും സ്വപ്ന ആരാഞ്ഞു. ഫേയ്സ്ബുക്കിലൂടെയാണ് സ്വപ്നയുടെ പ്രതികരണം.
സ്വപ്നയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ ഞാൻ സ്വാഗതം ചെയ്യുന്നു.
വിജേഷ് പിള്ള എന്നേ ബാംഗ്ലൂരിൽ വന്ന് ഭീഷണിപ്പെടുത്തുന്നു. ഞാൻ പിറ്റേ ദിവസം തന്നെ കർണാടക ഹോം സെക്രട്ടറിക്കും ഡിജിപിക്കും മെയിൽ വഴി പരാതി അയക്കുന്നു. അവർ ആ പരാതി ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൈ മാറുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം FIR രജിസ്റ്റർ ചെയ്യുന്നു.
ഇനി കേരളത്തിലെ സ്ഥിതി നോക്കൂ. എന്നെ ഭീഷണി പെടുത്തിയ വിജേഷ് പിള്ള എനിക്കെതിരെ ഒരു പരാതി കൊടുക്കുന്നു. അദ്ദേഹം തന്നെ പറഞ്ഞത് അനുസരിച്ചു മാനനഷ്ടത്തിനാണ് പരാതി. മാനനഷ്ട പരാതിയിൽ പോലീസിന് കേസ് എടുക്കാൻ അധികാരം ഇല്ല. പക്ഷേ ഡിജിപി ക്രൈം ബ്രാഞ്ചിനോട് എനിക്കെതിരെ കേസ് എടുക്കാൻ പറയുന്നു.
ഈ രണ്ട് കേസിലെയും വ്യത്യാസം എന്താണെന്ന് വെച്ചാൽ എനിക്ക് കർണാടക മുഖ്യമന്ത്രിയിലോ ഡിജിപിയിലോ ഒരു സ്വാധീനവും ഇല്ല. വിജേഷ് പിള്ളക്ക് കേരള മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം കാണുമായിരിക്കും.കർണാടക മുഖ്യമന്ത്രിക്കോ ഡിജിപിക്കോ എന്റെ പരാതിയിൽ ഒരു പ്രത്യേക താല്പര്യവും ഇല്ല. കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജേഷ് പിള്ളയുടെ പരാതിയിൽ പ്രത്യേക താല്പര്യം കാണുമായിരിക്കും. എനിക്കറിയില്ല.
കെ ടി ജലീലിന്റെ പരാതിയിൽ എനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായോ എന്തോ?






