
കൊച്ചി: എം.വി.ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണയോഗങ്ങളില്‍ നിന്നു വിട്ടുനിന്ന പാര്‍ട്ടിയംഗങ്ങള്‍ക്കു സി.പി.എം. സംസ്ഥാന സെക്രേട്ടറിയേറ്റിന്റെ താക്കീത്.
പ്രചാരണ ജാഥയില്‍ പങ്കെടുക്കാത്തവരുടെ വിശദീകരണം പാര്‍ട്ടി അംഗത്വം പുതുക്കേണ്ട ഈ മാസം 31ന് അകം അതാതു ഘടകങ്ങള്‍ ശേഖരിച്ചു നല്‍കണമെന്നാണു നിര്‍ദേശം. ജില്ലാ കമ്മിറ്റികള്‍ വഴി സംസ്ഥാന സെക്രട്ടറിയേറ്റ് അയച്ച സര്‍ക്കുലറിലാണ് സജീവമാകാത്ത അംഗങ്ങളുടെ കാര്യം ഗൗരവമായി പരിഗണിക്കാന്‍ നിര്‍ദേശമുള്ളത്.
സ്വീകരണയോഗങ്ങളില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടായവര് തക്കതായ കാരണങ്ങള്‍ ബ്രാഞ്ചിനെ ബോധിപ്പിക്കണം. വിശദീകരണം ന്യായമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അംഗത്വം പുതുക്കേണ്ടതുള്ളു. മറിച്ചാണെങ്കില്‍ ഒഴിവാക്കാനാണ് നീക്കം. പല ജില്ലകളിലും ജാഥ കടന്നുപോയപ്പോള്‍ വിട്ടുനിന്ന പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇപ്പോള്‍ തന്നെ ഘടകങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
അംഗത്വം പുതുക്കുന്ന മാസമായതിനാല്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്കു കൂടിയുള്ള അവസരമാണ് ഇത്. പൊഴിയുന്ന അംഗങ്ങള്‍ക്കു പകരം അംഗങ്ങളെ പാര്‍ട്ടിയിലേക്ക് എത്തിക്കാനും ശ്രമം നടത്തും.140 നിയോജക മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥയില്‍ പല കേന്ദ്രങ്ങളിലും സ്വീകരണ യോഗങ്ങളില്‍നിന്ന് എഴുന്നേറ്റുപോകുന്നവരേയും മറ്റും സംസ്ഥാന സെക്രട്ടറിതന്നെ പരസ്യമായി താക്കീതു ചെയ്യേണ്ടിവന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അടിയന്തര സര്‍ക്കുലര്‍.
ബ്രാഞ്ച്, ലോക്കല്‍ തലങ്ങളില്‍ വിലയിരുത്തിയശേഷം ജില്ലാ കമ്മിറ്റിവഴി തീരുമാനം പാര്‍ട്ടിക്കു െകെമാറണം. ശനിയാഴ്ചയാണ് ജനകീയ പ്രതിരോധ ജാഥ തിരുവനന്തപുരത്ത് സമാപിക്കുക. അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. ജാഥയ്ക്കുശേഷം ഏരിയാ, ലോക്കല്‍ കമ്മിറ്റികള്‍ സംഘടനാ ചര്‍ച്ചകള്‍ തുടങ്ങും.






