
കൊച്ചി: ബ്രഹ്മപുരം പ്ളാസ്റ്റിക് പുകമാലിന്യം ആദ്യമഴയില്‍ത്തന്നെ ഭൂമിയിലെത്തും. നിലവില്‍ അന്തരീക്ഷത്തിലേക്കു ലയിച്ചുചേര്‍ന്നിരിക്കുന്ന രാസമാലിന്യങ്ങള്‍ പൊടിപടലങ്ങളില്‍ തങ്ങി നില്‍ക്കുകയാണ്. പി.ഒ.പി(പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്ലൂട്ടന്സ്) എന്നുവിളിക്കുന്ന ഇവ മഴപെയ്യുന്നതോടെ വീണ്ടും ഭൂമിയിലേക്കെത്തും.
വെള്ളത്തില്‍ ഇവ ലയിച്ചാലും ഇല്ലെങ്കിലും മണ്ണിലെത്തുന്ന രാസമാലിന്യങ്ങള്‍ ജീവജാലങ്ങളിലേക്ക് എത്തുമെന്നതാണു ഭീഷണിയാകുന്നത്. ഈ ജലം ഉപയോഗിക്കുന്ന മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ പലവിധ രോഗങ്ങളും അനുഭവിക്കേണ്ടതായിവരും.
സള്‍ഫര്‍ ഡയോക്െസെഡ്, സള്‍ഫ്യൂരിക് ആസിഡ്, െനെട്രിക് ആസിഡ് എന്നിവയാണു മഴപെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍നിന്നു താഴോട്ടുവരിക. ദേഹാസ്വാസ്ഥ്യം തോന്നുക, ചൊറിച്ചില്‍ അനുഭവപ്പെടുക എന്നിവയുണ്ടാകും. സസ്യങ്ങളുടെ ഇലപൊഴിയും, ലോഹങ്ങളില്‍ പതിച്ചാല്‍ അവ ദ്രവിച്ചുപോകും. ഇത് ബ്രഹ്മപുരത്ത് മാത്രമല്ല, സമീപ ജില്ലകളിലേക്കും വ്യാപിക്കാം.
നിലവില്‍ വിഷപ്പുക ശ്വസിച്ചവരില്‍ പ്രായമായവരിലും ഗര്‍ഭിണികളിലും പരക്കേ ആശങ്കയും (ആംങ്െസെറ്റി സിന്‍ഡ്രോം) അതിനൊപ്പം രക്തസമ്മര്‍ദവും വ്യാപകമായിട്ടുണ്ട്. ബ്രഹ്മപുരത്തിന് സമീപം ഇതുവരെ നടന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തവരില്‍ ശ്വാസംമുട്ടല്‍, കടുത്ത ക്ഷീണം, ചുമ എന്നിവ വ്യാപകമായി കാണപ്പെട്ടു. പുകശ്വസിച്ച് 500ല്‍ ഏറെപ്പേര്‍ വിവിധ ആശുപത്രികളില്‍ ഇതിനകം ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.
പ്ളാസ്റ്റിക് കത്തി തീയും പുകയും ഉയര്‍ന്നിട്ട് എട്ടുദിവസങ്ങള്‍ക്കുശേഷമാണ് ഇവിടെ സാമ്പിള്‍ പരിശോധന നടന്നതെന്നതും അധികൃതരുടെ അലംഭാവം വെളിപ്പെടുത്തുന്നു. ഇതുമൂലം മലിനീകരണത്തിന്റെ കൃത്യമായ അളവ് കണ്ടുപിടിക്കാനും കഴിയാതെയായി എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. ഇതുമൂലം ഏതൊക്കെ രോഗമാണ് ഉണ്ടാകുക എന്നുപോലും ഇപ്പോള്‍ തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് കുസാറ്റില്‍ നിന്ന് വിരമിച്ച കേരള നേച്ചര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ.സി.എം. ജോയ് ചൂണ്ടിക്കാട്ടി.
അന്തരീക്ഷത്തില്‍ തങ്ങിനില്ക്കുന്ന പി.ഒ.പിയെ തുടച്ചുനീക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ലോകമെമ്പാടും നടന്നുവരുമ്പോഴാണ് ബ്രഹ്മപുരത്ത് സമാനമായ വിഷവാതകം അന്തരീക്ഷത്തില്‍ വ്യാപിച്ചിരിക്കുന്നത്.
ഇതിനു പുറമേ ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിനു പത്തുകിലോമീറ്റര്‍ ചുറ്റളവിലെ ഭൂഗര്‍ഭ ജലം കടുത്ത മലിനീകരണമാണ് നേരിടുന്നത്. 2007 മുതല്‍ ഇവിടെ നിക്ഷേപിക്കുന്ന മാലിന്യങ്ങളില്‍ നിന്ന് ഊറിയിറങ്ങിയ രാസവസ്്തുക്കളാണ് ജലമലിനീകരണത്തിന് കാരണം. എല്‍ ആന്‍ഡ് ടി നടത്തിയ പഠനത്തിലാണ് ഭൂഗര്‍ഭ ജല മലിനീകരണം കടുത്തതാണെന്ന് പുറത്തുവന്നത്.
ബ്രഹ്മപുരം പുക പടലങ്ങളില്‍ നിന്ന് കൊച്ചിക്ക് ആശ്വാസമായി കാറ്റ്. പടിഞ്ഞാറന്‍ ദിശയിലേക്ക് ശക്തമായ കാറ്റടിച്ച് അന്തരീക്ഷ പൊടിപടലങ്ങളും മറ്റും അറബിക്കടലിനു മുകളിലേക്ക് പറന്നുപോയിയെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അന്തരീക്ഷ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.






