
മുംബൈ: ഒരു കോടി രൂപ കൈക്കൂലി നല്കാന് ശ്രമിച്ചെന്ന ആരോപണത്തില്‍ പരിചയക്കാരിക്കെതിരേ കേസു കൊടുത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസിന്റെ ഭാര്യയും പാട്ടുകാരിയുമായ അമൃതാ ഫഡ്നാവീസ്. ക്രിമിനല്‍ കേസില്‍പ്പെട്ട പിതാവിനെ രക്ഷപ്പെടുത്താന്‍ ഇടപെടാന്‍ ആവശ്യപ്പെട്ടാണ് ഒരുകോടി വാഗ്ദാനം ചെയ്തതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പരിചയക്കാരിയായ അനിക്ഷ എന്ന യുവതിക്കെതിരേയാണ് അമൃത പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. താനൊരു വസ്ത്ര, വജ്ര, പാദരക്ഷ ഡിസൈനര്‍ ആണെന്ന് പറഞ്ഞാണ് തന്നെ സമീപിച്ചതെന്നാണ് അമൃത പറഞ്ഞിരിക്കുന്നത്. 2021 ലായിരുന്നു ആദ്യം കോണ്ടാക്ട് ചെയ്തത്. പിന്നീട് അജ്ഞാത നമ്പറുകളില്‍ നിന്നും വീഡിയോ ക്ലിപ്പുകളും വോയ്സ് നോട്ടുകളും മറ്റും ഫെബ്രുവരി 18 നും 19 നും അയച്ചു.
താന്‍ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങളും ആഭരണങ്ങളും പൊതുപരിപാടികളില്‍ ധരിക്കുന്നത് തന്റെ ബ്രാന്‍ഡുകള്‍ക്ക് ഗുണകരമാകുമെന്നാണ് ഇവര്‍ ആദ്യം പറഞ്ഞത്. പിന്നീട് ഫെബ്രുവരി 16 ന് രാത്രി 9.30 യോടെ വിളിച്ച് പിതാവിന്റെ കേസുമായി ബന്ധപ്പെട്ട വിവരം പറയുകയും അദ്ദേഹത്തെ രക്ഷിക്കാന്‍ ഒരുകോടി രൂപ വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇത് കേട്ടപ്പോള്‍ തന്നെ താന്‍ ഫോണ്‍ കട്ട് ചെയ്തെന്നും അവരുടെ നമ്പര്‍ ബ്ളോക്ക് ചെയ്യുകയും ചെയ്തെന്നും അമൃത പോലീസിനോട് പറഞ്ഞു. കേസില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.






