
തൊടുപുഴ: കേരളത്തില്‍ കൂലിപ്പണിയ്ക്കായി എത്തിയ കൊല്‍ക്കത്തക്കാരനെ തേടി ഭാഗ്യദേവതയുടെ കടാക്ഷം. കേരളത്തിന്റെ സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടിയിരിക്കുകയാണ് കൊൽക്കത്ത സ്വദേശിയായ എസ്.കെ. ബദേസ് എന്ന അന്യസംസ്ഥാന തൊഴിലാളി. റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോള് എടുത്ത ലോട്ടറിയാണ് ഭാഗ്യം കൊണ്ടുവന്നത്.
ഭാഗ്യദേവത കനിഞ്ഞനുഗ്രഹിച്ച പണവുമായി കൊൽക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ബദേസ്. പതിനാലാം തീയതിയിലെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-356 ലോട്ടറിയില്‍ SR 570994 എന്ന നമ്പറിന് ഒന്നാം സമ്മാനം അടിച്ചിരുന്നു. ലോട്ടറി അടിച്ചതോടെ ഞെട്ടിപ്പോയ ബദേസ് സഹായം തേടി നേരെയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്കായിരുന്നു.
ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോൾ ബദേസ് പകച്ചുപോയി. ലോട്ടറി ആരെങ്കിലും തട്ടിക്കൊണ്ടുപോകുമോ തന്നെ ആരെങ്കിലും ഉപദ്രവിക്കുമോ എന്നെല്ലാം ആശങ്കപ്പെട്ടാണ് ഇയാള്‍ പോലീസിന്റെ സഹായം തേടിയത്. തുടര്‍ന്ന് ബദേസിന് ചെയ്യേണ്ട കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്തു പോലീസുകാര്‍ ആശ്വസിപ്പിച്ച് വിടുകയും ചെയ്തു. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. ആശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
ലോട്ടറി അടിച്ച പരിഭ്രാന്തിയില്‍ ബദേസ് പോലീസ് സ്റ്റേഷനിലേക്ക് എത്തിയതും പോലീസ് സമാശ്വസിപ്പിച്ച് വിട്ടതുമെല്ലാം പോലീസ് അവരുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.






