
മുംബൈ: ഡിസൈനര്‍ക്കെതിരേ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസിന്റെ ഭാര്യ അമൃതാ ഫഡ്നാവീസ് പരാതി നല്കിയ സംഭവം ചൂടേറിയ വാക്പോരിലേക്ക്. സംഭവത്തില്‍ അമൃതയെ വിമര്‍ശിച്ച് പ്രശ്നം ഏറ്റുപിടിച്ച് രാജ്യസഭാ എംപി പ്രിയങ്കാ ചതുര്‍വേദി രംഗത്ത് വന്നതോടെ രണ്ടു സ്ത്രീകളും തമ്മിലുള്ള പൊരിഞ്ഞ തര്‍ക്കം ട്വിറ്ററില്‍ നാട്ടുകാര്‍ കാണുകയാണ്.
അനീക്ഷ എന്ന ഡിസൈനര്‍ പിതാവിനെ കേസില്‍ നിന്നും രക്ഷിക്കാന്‍ ഇടപെടണമെന്ന് കാണിച്ച് തനിക്ക് ഒരു കോടി കൈക്കൂലി വാഗ്ദാനം ചെയ്തു എന്ന് അമൃത പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര പോലീസ് കേസെടുത്തിരിക്കുകയാണ്. പോലീസ് തേടുന്ന അനില്‍ ജെയ്സിംഘാനി എന്ന ബുക്കിയുടെ മകളാണ് അനീക്ഷ. അറസ്റ്റില്‍ നിന്നും വര്‍ഷങ്ങളായി രക്ഷപ്പെട്ടു നടക്കുന്ന അനിലിനെ രക്ഷിക്കാന്‍ ഇടപെടണമെന്നും പണം നല്‍കാമെന്നും വാഗ്ദാനം ചെയ്തതായിട്ടാണ് അമൃത പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം ഉദ്ധവ് ബാലസാഹേബ് താക്കറെയുടെ നേതാവായ പ്രിയങ്ക ചതുര്‍വേദി ഇതിന് രൂക്ഷ വിമര്‍ശനവുമായി ട്വിറ്ററില്‍ എത്തുകയായിരുന്നു. ഇത്തരത്തിലുള്ള ഒരു ക്രിമിനലിന്റെ മകള്‍ക്ക് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ വീട്ടിനുള്ളില്‍ പ്രവേശനം കിട്ടിയത് എങ്ങിനെയാണെന്ന് പ്രിയങ്ക ചോദിച്ചു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും പറഞ്ഞു. അമൃതയുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ ക്ലിപ്പിംഗിനൊപ്പമായിരുന്നു പ്രിയങ്കയുടെ കമന്റ്.
ഉടന്‍ തന്നെ മറുപടിയുമായി അമൃതയും എത്തി. 'കൗശലക്കാരി മാഡം' എന്നു സംബോധന ചെയ്തുകൊണ്ടായിരുന്നു അമൃതയുടെ പ്രസ്താവന. തനിക്കെതിരേ അക്സിസ് ബാങ്കുമായി ബന്ധപ്പെട്ട വ്യാജ ആരോപണം ഉന്നയിച്ച നിങ്ങള്‍ എന്റെ സത്യസന്ധതയെ വെല്ലുവിളിക്കുകയാണോ എന്ന് ചോദിച്ചു. തീര്‍ച്ചയായും ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടായിരിക്കും. ഒരു കേസ് ഇല്ലാതാക്കാന്‍ ആരെങ്കിലും പണം വാഗ്ദാനം ചെയ്ത് സമീപിച്ചാല്‍ നിങ്ങളുടെ സ്വഭാവം വെച്ച് നിങ്ങള്‍ സഹായിക്കുമായിരിക്കും എന്നായിരുന്നു അമൃതയുടെ മറുപടി.
ഫഡ് നോയീസ് എന്ന് പരിഹാസിച്ചു വിളിച്ചുകൊണ്ടായിരുന്നു ഇതിന് പ്രിയങ്ക തിരിച്ചടിച്ചത്. ''പിന്നീട് കുഴപ്പമുണ്ടാക്കാന്‍ പാകത്തിന് പ്രമോഷന് വേണ്ടി ഡിസൈനര്‍ വസ്ത്രങ്ങള്‍ സ്വീകരിക്കുന്നത് എന്റെ സ്വഭാവമല്ല. ഒരു സ്വതന്ത്രാന്വേഷണത്തിന് വേണ്ടി പറയുമ്പോള്‍ ഇത്രമാത്രം ഒച്ചപ്പാട് വെയ്ക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. പണമുണ്ടാക്കാന്‍ അവര്‍ പറഞ്ഞുതന്ന ടിപ്സിനെക്കുറിച്ച് കൂടി നിങ്ങള്‍ പറയണം.'' പ്രിയങ്ക കുറിച്ചു.
അതേസമയം അമൃതയുടെ പരാതിയില്‍ അഴിമതി തടയല്‍ നിയമത്തിന് കീഴില്‍ അനീക്ഷയ്ക്കും പിതാവിനും എതിരേ മുംബൈ പോലീസ് കേസ് എടുത്തിരിക്കുകയാണ്. 2021 നവംബറില്‍ ആദ്യം ബന്ധപ്പെട്ട ശേഷം 16 തവണയോളം ഈ സ്ത്രീ തന്നെ വന്നു കണ്ടതായിട്ടാണ് അമൃത പറഞ്ഞത്. പോലീസിന് കൊടുക്കാന്‍ വാതുവെയ്പ്പുകാരെക്കുറിച്ചുള്ള വിവരം നല്‍കാമെന്നും അതുവെച്ച് പണമുണ്ടാക്കാമെന്നും യുവതി തന്നോട് പറഞ്ഞതായി അമൃത ആരോപിച്ചിട്ടുണ്ട്.






