
ജീവിതത്തിലെ നല്ലപ്രായം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വന്നയാള്‍ മൂന്നര പതിറ്റാണ്ടിന് ശേഷം ലോകം കണ്ടു. ഫ്ലോറിഡയിൽ 34 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ആദ്യമായി ലോകം കണ്ട ജയില്‍പുള്ളി ആദ്യം പറഞ്ഞത് അമ്മയെ കാണണമെന്ന്. 1988 -ൽ നടന്ന ഒരു സായുധ കൊള്ളയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സിഡ്നി ഹോംസ് എന്നയാളാണ് പുറത്തുവന്നത്.
400 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഹോംസ് നിരപരാധിയാണെന്ന് തെളിഞ്ഞതോടെയാണ് 34 വര്‍ഷത്തിന് ശേഷം മോചിപ്പിച്ചത്. ‘എന്റെ അമ്മയെ ആലിംഗനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു തന്നെ മോചിപ്പിക്കാനും തന്റെ നിരപരാധിത്വം തെളിയിക്കാനും കൂടെ നിന്ന ഇന്നസൻസ് പ്രൊജക്ട് ഓഫ് ഫ്ലോറിഡ എന്ന എൻജിഒയ്ക്ക് നല്കിയ പ്രസ്താവനയില്‍ ഹോംസ് പറഞ്ഞത്. ‘‘എന്റെ പ്രതീക്ഷ ഒരിക്കലും അസ്തമിച്ചിട്ടില്ലായിരുന്നു. ഒരിക്കല്‍ ഈ ദിവസം വരുമെന്ന് അറിയാമായിരുന്നു. ഒരിക്കലും ചെയ്യാത്ത കുറ്റത്തിനാണ് നല്ല കാലം മുഴുവനും ജയിലിനുള്ളില്‍ വിനിയോഗിക്കേണ്ടി വന്നത്. ’’ ഹോംസ് പറഞ്ഞു.
1988 ജൂണിൽ നടന്ന ഒരു കവര്‍ച്ചാകേസില്‍ മോഷ്ടാക്കളെ രക്ഷിച്ച ഡ്രൈവര്‍ എന്ന് ആരോപിച്ചാണ് ഹോംസിനെ അറസ്റ്റ് ചെയ്തത്. ഹോംസിന്റെ കാറായി തെറ്റിദ്ധരിക്കപ്പെട്ടത് മറ്റൊരു കാറാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് മോചനമായത്. ജയിലില്‍ കഴിഞ്ഞ കാലമത്രയും തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു ഹോംസ്. 1989 ഏപ്രിലിലായിരുന്നു ഹോംസിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 400 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. എന്നാല്‍ മുന്ന് പതിറ്റാണ്ടിന് ശേഷം ഹോംസിന് 57 ാം വയസ്സില്‍ മോചനം കിട്ടി.






