
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്പ്പറേഷന് നൂറു കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യുണല്‍. തുക ചീഫ് സെക്രട്ടറിക്ക് കൈമാറണമെന്ന് ഉത്തരവില്‍ പറയുന്നു. കൊച്ചിയിലെ മാലിന്യവുമായും ബ്രഹ്മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ നല്കിയ മുന്നറിയിപ്പ് ഉത്തരവില്‍ ഓര്‍മ്മിപ്പിച്ച ട്രിബ്യൂണല്‍ ഇതൊന്നും പാലിച്ചില്ലെന്നും പറഞ്ഞിട്ടുണ്ട്.
പിഴ ഇനത്തില്‍ ലഭിക്കുന്ന തുക തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നീക്കിവെയ്ക്കാന്‍ പറഞ്ഞു. എന്തുകൊണ്ടാണ് ബ്രഹ്മപുരം വിഷയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കാത്തതെന്ന് ചോദിച്ച ട്രൈബ്യൂണല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നും പറഞ്ഞിട്ടുണ്ട്. മാരകമായ അളവില്‍ വായുവിലും പരിസരത്തെ ചതുപ്പിലും വിഷ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയെന്നും ഭാവിയില്‍ സുഖമമായി പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കൊച്ചിയില്‍ മാലിന്യ സംസ്കരണത്തില്‍ തുടര്‍ച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവില്‍ വിമര്‍ശിച്ചിട്ടുണ്ട്. സംഭവത്തില്‍ ആവശ്യം വന്നാല്‍ 500 കോടി പിഴ ഈടാക്കുമെന്നും ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാരിന് നേരത്തേ ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തിരുന്നു. തീപിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സര്‍ക്കാരാണെന്നും ട്രിബ്യൂണല്‍ വിമര്‍ശിച്ചിരുന്നു.






