
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കേസില്‍ ഈ മാസം 30ന് വിധി പറയും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിലെ അന്തിമ വാദം പൂര്‍ത്തിയായതോടെ മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതിയാണ് വിധി പറയാനൊരുങ്ങുന്നത്.
അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധുവിനെ മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 ഫെബ്രുവരി 22 ന് നടന്ന സംഭവത്തില്‍ അഞ്ചു വര്‍ഷത്തിന് ശേഷമാണ് വിധി പറയുന്നത്.
16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര് വിചാരണക്കിടെ കൂറുമാറിയിരുന്നു. 77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്.
കൂറുമാറിയ വനം വകുപ്പിലെ താല്കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. 2022 ഫെബ്രുവരി 18നാണ് പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രനും അഡീഷണല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോനും ഹാജരായത്.
സാക്ഷികള്‍ നിരന്തരം കൂറു മാറിയ സാഹചര്യത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ മല്ലി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രാജേഷ് എം മേനോനെ പ്രോസിക്യൂട്ടറായി നിയമിക്കുകയായിരുന്നു. പതിനൊന്ന് മാസമാണ് സാക്ഷി വിസ്താരം നീണ്ടത്. പ്രോസിക്യൂട്ടര്‍മാരാണ് കേസില്‍ നിന്നും മാറിയത്. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിച്ച സംഭവത്തിനും കേസ് സാക്ഷിയായി.






