
തിരുവനന്തപുരം: ഉണ്ടെങ്കിലും ഇല്ലെങ്കിലും കയ്യുടെ പരിക്ക് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പാടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. പൊട്ടലില്ലാതെ പ്ലാസ്റ്ററിട്ടെങ്കില്‍ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പാണെന്ന് തിരിച്ചടിച്ച് കെ.കെ. രമ എംഎല്‍എ.
സിപിഎം പ്രതിരോധ ജാഥയുടെ സമാപനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കെ.കെ. രമ എംഎല്‍എയ്ക്കെതിരേ വിമര്‍ശിച്ചത്. തൊട്ടുപിന്നാലെ കെ.കെ. രമയുടെ പ്രതികരണവും വന്നു.
രമയുടെ പരുക്കില്ലാത്ത കൈയ്ക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന കാര്യം പുറത്തു വന്നിട്ടുണ്ടെന്നായിരുന്നു എം.വി. ഗോവിന്ദന്റെ ആക്ഷേപം. ആധുനിക സമൂഹത്തില്‍ പരിക്ക് പറ്റിയോ ഇല്ലയോ എന്നെല്ലാം പരിശോധിക്കാനും അറിയാനും സംവിധാനമുള്ളപ്പോള്‍ കളവ് പറയേണ്ടെന്നും സത്യസന്ധമായി പറഞ്ഞാല്‍ മതിയെന്നും ഗോവിന്ദന് പറഞ്ഞു. പൊട്ടലില്ലാതെയാണ് പ്ലാസ്റ്ററിട്ടതെങ്കില്‍ ആരോഗ്യവകുപ്പാണ് മറുപടി പറയേണ്ടതെന്നും ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്നും രമ മറുപടി നല്കി.
സ്വകാര്യവിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രിക്ക് അധികാരമില്ലെന്നും അസുഖമില്ലാത്ത ആളെ ചികില്‍സയ്ക്കു വിധേയമാക്കിയെങ്കില്‍ ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചയാണ് വെളിവാകുന്നത് എന്നും രമ പറഞ്ഞു. പരുക്കേറ്റ തന്റെ കൈയ്യില്‍ പ്ലാസ്റ്ററിടാന്‍ നിര്‍ദേശിച്ചത് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്. കൈയ്ക്ക് പരുക്കില്ലാതെ ഡോക്ടര്‍ പ്ലാസ്റ്ററിട്ടെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ.കെ.രമ പറഞ്ഞു.
അക്രമത്തില്‍ പരുക്കേറ്റപ്പോള്‍ നിയമസഭയിലെ ക്ലിനിക്കിലെ ഡോക്ടറുടെ അടുത്ത് ചികില്‍സയ്ക്കായിപോയി. മരുന്നിട്ടശേഷം, ജില്ലാ ആശുപത്രിയില്‍പോയി എക്സ്റേ എടുക്കാനും ആംബുലന്‍സില്‍പോകാനും ഡോക്ടര്‍ നിര്‍ദേശിച്ചു. ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ പരിശോധിച്ചത് മറ്റു രോഗികളുടെ മുന്നില്‍ വച്ചാണ്. ഡോക്ടറാണ് പ്ലാസ്റ്ററിടാന്‍ നിര്‍ദേശിച്ചത്. മീഡിയയും ആ സമയം അവിടെ ഉണ്ടായിരുന്നെന്നും രമ പറഞ്ഞു.
രമയുടെ കയ്യില്‍ പൊട്ടലില്ലെന്നും പ്ലാസ്റ്റര്‍ വ്യാജമാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. രമയുടേതെന്ന പേരില്‍ എക്സ്റേ ദൃശ്യങ്ങളും പ്രചരിച്ചു. തുടര്‍ന്നായിരുന്നു പ്രതികരണവുമായി കെ.കെ. രമ തെന്ന രംഗത്ത് വന്നത്.






