
പരീക്ഷകാലം അടുത്തു കഴിഞ്ഞാല്‍ കുട്ടികളില്‍ പലരും ഏറെ പരിഭ്രാന്തരാകാറുണ്ട്. പ്രത്യേകിച്ചും എസ്.എസ്.എല്‍.സി പരീക്ഷകള്‍ എഴുതുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍. അന്നേ ദിവസം ഏറെ ആകാംക്ഷയോടും ടെന്‍ഷനോടും കൂടിയാകും വദ്യാര്‍ത്ഥികള്‍ പരീക്ഷ ഹാളില്‍ എത്തിച്ചേരുന്നത്. ഇതിനിടയില്‍ പരീക്ഷക്കാവശ്യമായ വസ്തുക്കളില്‍ പലതും വിദ്യാര്‍ത്ഥികള്‍ മറന്നുപോകുന്നത് സ്വാഭാവികമാണ്. ഇത്തരത്തില്‍ ഈ വാരത്തെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്ത്ഥികര്ക്കിടയില് നടന്ന രസകരമായ ഒരു സംഭവം ആണ് ഏറെ ചര്‍ച്ചയാകുന്നത്. പരീക്ഷാ ദിവസം സ്കൂളിലേക്ക് പോയ വിദ്യര്‍ത്ഥികള്‍ തങ്ങളുടെ ഹോള്‍ ടിക്കറ്റ് ഒരു ഹോട്ടലില്‍ മറന്നു വച്ചിരുന്നു. എന്നാല്‍ വിവരം അറിഞ്ഞ് വിദ്യാര്‍ത്ഥികളുടെ കൈയ്യില്‍ ഹാള്‍ ടിക്കറ്റ് നല്കാന് അവരുടെ പുറകെ പാഞ്ഞത് മറ്റാരുമായിരുന്നില്ല ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ഏകദേശം 12 മണിക്കൂര്‍ താണ്ടിയാണ് പോലീസ് ഉദ്യോഗസ്ഥന് കുട്ടികളുടെ കൈയ്യില്‍ ഹാള്‍ ടിക്കറ്റ് എത്തിച്ചത്.
കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈ കാര്യം പുറത്തുവന്നിരിക്കുന്നത്. സംഭവം ഇങ്ങനെ പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളജിലെ വിദ്യാര്‍ഥികളും പയ്യന്നൂര്‍, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹല്‍, കെ.കെ.അന്‍ഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാല്‍ എന്നിവര്‍ എസ്എസ്എല്‍സി രസതന്ത്രം പരീക്ഷ എഴുതാന്‍ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് സ്കൂളില്‍ എത്തിയപ്പോഴാണ് ഹാള്‍ ടിക്കറ്റ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
മാവേലി എക്സ്പ്രസിന് കാസര്‍കോട് ഇറങ്ങിയ വിദ്യാര്‍ഥികള്‍ പുതിയ ബസ് സ്റ്റാന്‍ഡിലെത്തി ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയിരുന്നു. അതിനിടെയാണ് ചട്ടഞ്ചാല്‍ ഭാഗത്തേക്കുള്ള ബസ് എത്തിയത്. തിടുക്കത്തില്‍ ബസില്‍ കയറിയ വിദ്യാര്‍ഥികള്‍ 12 കിലോമീറ്റര്‍ പിന്നിട്ട് ചട്ടഞ്ചാല്‍ ഇറങ്ങിയപ്പോഴാണ് ഒരു ബാഗ് ഇല്ലെന്നു കണ്ടത്. എസ്എസ്എല്‍സി പരീക്ഷ എഴുതാനുള്ള 5 വിദ്യാര്‍ഥികളുടെയും ഹാള്‍ ടിക്കറ്റ് ആ ബാഗിലായിരുന്നു. 9.30നു മുന്‍പ് ഹാള്‍ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ പരീക്ഷയെഴുതാന്‍ കഴിയില്ല. അപ്പോഴേക്കും സമയം ഒന്‍പത് മണികഴിഞ്ഞിരുന്നു.
പരിഭ്രാന്തരായ വിദ്യാര്‍ത്ഥികള്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനില്‍ ഓടിയെത്തി വിവരം പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപന്, സി.പി.ഒ ശ്രീജിത്ത് എന്നിവര്‍ വിവരം കണ്ട്രോള് റൂമിലേക്കും അവിടെ നിന്ന് സ്ട്രൈക്കര്‍ ഫോഴ്സിലെ ഓഫീസര്‍ പി.വി നാരായണനും കൈമാറി. തൊട്ടുപിന്നാലെ സ്ട്രൈക്കര്‍ ഫോഴ്സിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ , മുകേഷ് എന്നിവര്‍ ചട്ടഞ്ചാലിലേക്ക് പായുകയായിരുന്നു. സമയത്തിന്റെ മൂല്യമറിഞ്ഞ് പോലീസ്, വിദ്യാര്‍ഥികള്‍ ചായ കുടിച്ച ഹോട്ടലില്‍ ചെന്ന് ബാഗ് കണ്ടെടുത്തു. കുട്ടികളെ മേല്‍പ്പറമ്പ് സ്റ്റേഷനില്‍ നിന്ന് പോലീസ് വാഹനത്തില്‍ സ്കൂളില്‍ എത്തിക്കുകയും ചെയ്തു. കരച്ചലിന്റെ വക്കോളമെത്തിയ കുട്ടികള്‍ പോലീസുകാര്‍ക്ക് നന്ദി പറഞ്ഞ് പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചു. പരീക്ഷ കഴിഞ്ഞതിന് ശേഷം പോലീസ് സ്റ്റേഷനില്‍ എത്തി മധുരപലഹാരം നല്കിയ ശേഷമാണ് പഴയങ്ങാടിയിലേക്ക് ഈ കുട്ടികള്‍ മടങ്ങിയത്.
കുട്ടികളെ സംബന്ധിച്ച് വളരെ സന്തോഷകരമായ ഒരു ദിവസമാണ് കടന്നുപോയത്. എല്ലാം അവതാളത്തിലാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൃത്യ സമയത്ത് പോലീസ് ഉദ്യോഗസ്ഥര്‍ തുണയായി എത്തിയത് കുട്ടികള്‍ക്ക് ഏറെ ആശ്വാസമായി. കാലം എത്ര കഴിഞ്ഞാലും ഈ ഒരു അനുഭവം കുട്ടികള്‍ ഓര്‍മയില്‍ സൂക്ഷിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.






