
സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി പക്ഷം ആധിപത്യം നിലനിര്‍ത്തിയെങ്കിലും മുസ്ലിംലീഗില്‍ പുതിയ പോര്‍മുഖം തുറന്ന് വിമതപക്ഷം. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആവശ്യപ്രകാരം ആര്.എസ്.എസ്. നേതൃത്വവുമായി ഒരു മുസ്ലിം ലീഗ് എം.എല്‍.എ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കൂടിക്കാഴ്ച്ചയുടെ ലക്ഷ്യമെന്തെന്ന് വെളിപ്പെടുത്താന്‍ നേതൃത്വം തയാറാകണമെന്നും ആവശ്യപ്പെട്ട് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ രംഗത്തെത്തി.
മുസ്ലിം ലീഗ് എം.എല്‍.എയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് രണ്ടു ദിവസം മുമ്പാണ് ആര്.എസ്.എസ്. നേതാവ് തുറന്നുപറഞ്ഞത്. അത് ഏത് എം.എല്‍.എയാണെന്ന് ലീഗ് വെളിപ്പെടുത്തണമെന്ന് ഹംസ ആവശ്യപ്പെട്ടു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ ആവശ്യപ്രകാരമാണ് എം.എല്‍.എ. മലപ്പുറത്തുവച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ടുള്ളത്. അത് ആരാണെന്ന് പറയേണ്ടത് ലീഗാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയല്ല മറ്റൊരു എം.എല്‍.എയാണു ചര്‍ച്ചയില്‍ പങ്കെടുത്തത്.
മുസ്ലിംലീഗിനെ ഇടതു മുന്നണിയില്‍ എത്തിക്കുകയെന്നതായിരുന്നു ആ ചര്‍ച്ചയുടെ ലക്ഷ്യം. അതിനുള്ള ചരട് വലിക്കുന്നത് നാഗ്പുരില്‍നിന്നാണ്. ലീഗ് ഇടതുപക്ഷത്തോട് ചേര്‍ന്നാല്‍ അവരുടെ മതനിരപേക്ഷതയ്ക്കു കോട്ടം തട്ടും. പരമ്പരാഗതമായ ഹിന്ദു വോട്ട് ചോര്‍ന്ന് ബി.ജെ.പിക്ക് പോകും. ഇത് മുന്നില്‍ കണ്ടാണ് ആസൂത്രണം നടത്തിയത്.- ഹംസ പറഞ്ഞു.
പാര്‍ട്ടി യോഗത്തില്‍ എ.ആര്. നഗര്‍ ബാങ്ക് അഴിമതിയും ചന്ദ്രിക പത്രത്തിലെ പണമിടപാട് കേസും ഉന്നയിക്കപ്പെട്ടപ്പോള്‍ ഇ.ഡിയെ സെറ്റില്‍ ചെയ്തിട്ടുണ്ടെന്നാണു കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി. ചോദ്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് വെളിപ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. കെ.ടി. ജലീലുമായുള്ള വാഗ്വാദം പെട്ടെന്ന് അവസാനിച്ചതിന് പിന്നിലും മറ്റുചില കളികള്‍ നടന്നിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീന വലയത്തിലാണ്. ചന്ദ്രികയുടെ അക്കൗണ്ടില്‍ നോട്ട് നിരോധനത്തിന് പിന്നാലെ 10 കോടി വന്നു. ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചപ്പോള്‍ മൂന്ന് കോടിക്കടുത്ത് രൂപ പിഴ കെട്ടി. ഇതോടെ കുറ്റം സമ്മതിച്ച പോലെയായി. ഇതൊന്നും ഹൈദരലി തങ്ങള്‍ അറിഞ്ഞില്ല. അപ്പോഴേക്കും എല്ലാ രേഖകളും തങ്ങള്‍ക്കെതിരായി കഴിഞ്ഞിരുന്നു.- കെ.എസ്. ഹംസ പറഞ്ഞു. കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിന്റെ പൂര്‍ണപിന്തുണയോടെയാണ് കെ.എസ്. ഹംസയുടെ നീക്കങ്ങള്‍.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിനെതിരേ കോടതിയെ സമീപിക്കും. സംസ്ഥാന കൗണ്‍സിലിലേക്ക് മല്‍സരിക്കാതിരിക്കാനാണ് തന്നെ പുറത്താക്കിയതെന്നും കെഎസ് ഹംസ ആരോപിച്ചു. ശനിയാഴ്ചയാണ് ഹംസയെ ലീഗില്‍നിന്നും പുറത്താക്കിയത്.
ഉന്നതാധികാര സമിതി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പി. എം.എ. സലാമിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയോടെയാണ് സലാം തെരഞ്ഞെടുക്കപ്പെട്ടത്.






