
അഗ്നിരക്ഷാ വകുപ്പില്‍ പുതുതായി രൂപീകരിച്ച സ്പെഷല്‍ ടാസ്ക് ഫോഴ്സിലെ അംഗങ്ങളെ ദുരന്തനിവാരണ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്കി ഫയര്‍ സ്റ്റേഷനുകളിലേക്കുതന്നെ മടക്കി അയച്ചതോടെ ലക്ഷ്യം പാളുന്നു. പ്രകൃതിദുരന്തം ഉള്‍പ്പടെയുള്ള ദുരന്തമുഖത്തു പ്രവര്‍ത്തിക്കുന്നതിനാണ് അഗ്നിരക്ഷാ വകുപ്പില്‍ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്.
സേനയുടെ വിവിധ നിലയങ്ങളിലുള്ളവരെ പുനര്‍വിന്യാസത്തിലൂടെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇത്തരത്തില്‍ കണ്ടെത്തിയ 31 പേര്‍ക്കാണ് പ്രത്യേക പരിശീലനം നല്‍കിയത്. ഇവരെയാണിപ്പോള്‍ പല അഗ്നിരക്ഷാ നിലങ്ങളില്‍ സാധാരണ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.
ചാക്കയിലെ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലോ തൃശൂര്‍, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലോ നിയോഗിച്ച് ദുരന്തനിവാരണം സംബന്ധിച്ച് ദൈനംദിന പരിശീലനം നല്കേണ്ടതിനു പകരം ഇവരെ മുന്‍പു പ്രവര്‍ത്തിച്ച ഇടങ്ങളിലേക്കു മടക്കുന്നതോടെ സ്പെഷല്‍ ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം അപ്പാടെ പാളുകയാണ്. ഝാര്‍ഖണ്ഡില്‍ ഉള്‍പ്പടെ പോയി പരിശീലനം ലഭിച്ചവരാണു ടീമിലുള്ളത്.
ഇവരെ സാധാരണ ഡ്യൂട്ടിക്കു നിയോഗിച്ചതോടെ ആളൊന്നിനു ലക്ഷങ്ങള്‍ ചിലവഴിച്ചു നല്കിയ പരിശീലനം വെറുതെയായി. വിവിധ അഗ്നിരക്ഷാ നിലയങ്ങളില്‍ ജോലി നോക്കിയവരെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ പലയിടത്തും ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടിരുന്നു. ഇതു പരിഹരിക്കാനാണ് പ്രത്യേക പരിശീലനത്തിനുശേഷം ഇവരെ പല നിലയങ്ങളിലേക്കു മടക്കിയയക്കുന്നത്.
പ്രളയം, ചുഴലിക്കാറ്റ്, ജലദുരന്തങ്ങള്‍, ഹൈ റൈസ്ഡ് ബില്‍ഡിങ് ഫയര്‍, കൊടുങ്കാറ്റ്, ഭൂകമ്പം, എല്‍.പി.ജി. ടാങ്കര്‍ അപകടങ്ങള്‍ തുടങ്ങിയ വെല്ലുവിളികളെ സംസ്ഥാനം തുടര്‍ച്ചയായി അഭിമുഖികരിക്കേണ്ടി വന്ന പശ്ചാത്തലത്തിലാണു പ്രത്യേക പരിശീലനം ലഭിച്ചവരുടെ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്പെഷല്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. 100 പേരുടെ ടീമിനെ ആദ്യഘട്ടമെന്ന നിലയില്‍ പരിശീലിപ്പിക്കാനാണ് ആലോചിച്ചതെങ്കിലും 31 പേരെ മാത്രമാണു നിയോഗിച്ചത്.
പാലക്കാട് സ്വദേശിയായ ബാബു ട്രക്കിങ്ങിനിടയില്‍ കാല്‍വഴുതി പാറക്കെട്ടില്‍ അകപ്പെട്ട സംഭവത്തെുടര്‍ന്ന്, നേരത്തെ തുടങ്ങാന്‍ ആലോചിച്ചിരുന്ന ടാസ്ക് ഫോഴ്സ് അടിയന്തരമായി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ടീം രൂപീകരിക്കുന്നതിന് പുതുതായി 122 തസ്തിക ആവശ്യപ്പെട്ട് വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം നിലവിലുള്ള ജീവനക്കാരെ ഉള്‍പ്പെടുത്തി ടീം രൂപീകരിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.






