
യാത്രയെ കുറിച്ച് പരാതി നല്‍കിയതിന് പിന്നാലെ വിമാന കമ്പനി ടിക്കറ്റ് വിലയില്‍ നിന്നും 12,600 ഡോളര്‍, ഏതാണ്ട് 10 ലക്ഷത്തിന് മേലെ ഇന്ത്യന്‍ രൂപ എമിറേറ്റ്സ് തിരികെ നല്കി. ന്യൂസിലാന്റിലെ ഓക്ക്ലന്‍ഡില്‍ നിന്നും ലണ്ടനിലേക്ക് എമിറേറ്റ്സ് വിമാനത്തിലെ ബിസിനസ് ക്ലാസ് ടിക്കറ്റില്‍ യാത്ര ചെയ്ത ശസ്ത്രക്രിയാ വിദഗ്ദനായ മാര്‍ക്ക് മോര്‍ഗനും ഭാര്യയും തങ്ങളുടെ എമിറേറ്റ്സിന്റെ പരസ്യത്തില്‍ പറയുന്ന അനുഭവമല്ല തനിക്ക് യഥാര്‍ത്ഥ്യത്തില്‍ ലഭിച്ചതെന്നാണ് പരാതി നല്‍കിയത്. ഇദ്ദേഹം ഇതിന് തെളിവായി എമിറേറ്റ്സിന്റെ പരസ്യവും വിമാനത്തിലെ സൗകര്യങ്ങളും പങ്കുവച്ചു.
പ്രതീക്ഷയ്ക്കൊത്ത് യാഥാര്‍ത്ഥ്യം ഉയരുന്നില്ലെന്നും താനും ഭാര്യയും വിമാനത്തിലെ 'ജീര്‍ണ്ണിച്ച' കസേരകളില്‍ ഇരിക്കാന്‍ നിര്‍ബന്ധിതരായെന്നും മോര്ഗന് ആരോപിച്ചു. പരസ്യത്തില്‍ വിമാനക്കമ്പനി സുഗകരമായ ബിസിനസ് ക്ലാസ് യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, ഇടുങ്ങിയതും സൗകര്യം കുറഞ്ഞതുമായ സീറ്റാണ് എമിറേറ്റ്സ് യാത്രക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ നല്‍കുന്നതെന്നും മോര്ഗന് പരാതിപ്പെട്ടു. വിമാനകമ്പനിയുടെ വാഗ്ദാനങ്ങളില്‍ വീണ് അവയില്‍ യാത്ര ചെയ്യുന്ന അസംതൃപ്തരായ മറ്റ് യാത്രക്കാര്‍ക്ക് തങ്ങളുടെ പരാതിയുമായി മുന്നോട്ട് വരാന്‍ ഈ പരാതി ഒരു മാതൃകയാക്കാമെന്നും അത് പ്രതീക്ഷിക്കുന്നതായും മോര്ഗന് പറഞ്ഞു. കടലിലെ ഒരു തുള്ളി മാത്രമാണ് തന്റെ പരാതിയെന്നും അദ്ദേഹം ഓസ്ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂവിനോട് പറഞ്ഞു.
'തന്റെ പരാതി ന്യൂസിലാന്‍ഡില്‍ ആയിരക്കണക്കിന് യാത്രക്കാരെ സ്വാധീനിക്കുമെന്നും അവര്‍ക്ക് തങ്ങളുടെ അവകാശം നേടാന്‍ ഇത് മൂലം കഴിയുമെന്നും എന്നാല്‍, തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എമിറേറ്റ്സ് പരസ്യം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നില്ലെന്നും ശസ്ത്രക്രിയാ വിദഗ്ദനായ മോര്ഗന് കൂട്ടിച്ചേര്‍ത്തു. കമ്പനികള്‍ എങ്ങനെയാണ് പരസ്യത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തേണ്ടതെന്ന് ഈ കേസ് ചൂണ്ടിക്കാണിക്കുന്നുവെന്ന് ഡെന്റസു ക്രിയേറ്റീവ് എന്‍സെഡ് ചീഫ് എക്സിക്യൂട്ടീവ് കിര്‍സ്റ്റി മഡില്‍ പറഞ്ഞു. എന്നാല്‍, ഓസ്ട്രേലിയന്‍ പരസ്യ മേഖലയില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്വയം നിയന്ത്രണ സംവിധാനങ്ങളാണ് നിലവിലുള്ളതെന്നാണ് കോമ്പറ്റീഷന് ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന് അവകാശപ്പെട്ടത്.






