
എറണാകുളം: പ്രതിസന്ധികളെ ഒന്നാകെ തട്ടിത്തകര്‍ത്ത് പദ്മാ ലക്ഷ്മി ഒടുവില്‍ ചരിത്രമെഴുതി. കേരളത്തിലെ ഭിന്നലിംഗക്കാര്‍ക്കിടയിലെ ആദ്യത്തെ അഭിഭാഷകയായിട്ടാണ് പദ്മ ലക്ഷ്മി മാറിയിരിക്കുന്നത്. 1529 നിയമ ബിരുദധാരികള്‍ക്കിടയില്‍ ബാര്‍ എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കുകയാണ് പദ്മ. മാര്‍ച്ച് 19 നായിരുന്നു ഇവരുടെ എന്റോള്‍മെന്റ് ചടങ്ങുകള്‍.
ഫിസിക്സില്‍ ബിരുദം നേടിയ ശേഷം എറണാകുളം ലോ കോളേജില്‍ നിന്നുമായിരുന്നു എല്‍എല്‍ബി നേടിയത്. പദ്മയുടെ അടുത്ത ലക്ഷ്യം ജൂഡീഷ്യല്‍ സര്‍വീസ് ടെസ്റ്റാണ്. പദ്മയുടെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അവരെ അഭിനന്ദിക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടുകയാണ്. രാജ്യത്തെ തന്നെ ഭിന്നലിംഗക്കാര്‍ക്ക് ഇതൊരു അഭിമാന മുഹൂര്‍ത്തമാണെന്നാണ് പ്രതികരണം. പദ്മയെ അഭിനന്ദിച്ച് വ്യവസായ നിയമമന്ത്രി പി. രാജീവ് രംഗത്ത് വന്നിട്ടുണട്. പദ്മയുടെ ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്താണ് മന്ത്രി പദ്മയെ ആദരിച്ചത്.
ഭിന്നലിംഗ വിഭാഗത്തില്‍ നിന്നും അനേകര്‍ രാജ്യത്ത് നിയമവിഭാഗത്തിന്റെ ഭാഗത്തുണ്ട്. 2017 ല്‍ പശ്ചിമബംഗാളിലെ ഇസ്ളാമാപൂരില് ലോക് അദാലത്ത് ജഡ്ജായി നിയമിതയായ ജോയിതാ മണ്ഡലാണ് ഭിന്നലിംഗ വിഭാഗത്തില്‍ നിന്നും ഈ പദവിയിലേക്ക് എത്തുന്ന ആദ്യയാളായിരുന്നു ജോയിതാ. 2018 ല്‍ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ലോക് അദാലത്തിലെ ജഡ്ജ് അംഗമായി വിദ്യാ കാംബ്ളിയും നിയോഗിക്കപ്പെട്ടിരുന്നു. അതേ വര്‍ഷം തന്നെ ഗുവാഹട്ടിയില്‍ സ്വാതി ബിദാന്‍ ബറുവയും ജഡ്ജായി നിയമിതയായിരുന്നു.






