
ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന ചിങ്കാരി മാനിനെ പാകം ചെയ്ത് കഴിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പ്രതിഷേധവുമായി ബിഷ്ണോയ് സമൂഹവും മൃഗസ്നേഹികളും. ചിങ്കാരമാനിന്റെ മൃതദേഹം ഒരു മരത്തില്‍ കാണാമായിരുന്നു.പിന്നാലെ ഒരു ഡസന്‍ ആളുകള്‍ അതിന്റെ തൊലി ഉരിഞ്ഞെടുക്കുകയും അതിനെ കഷ്ണങ്ങളാക്കി പാകം ചെയ്യുന്നതുമാണ് കാണാന്‍ കഴിയുന്നത്.
ഞായറാഴ്ചയാണ് വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ബിഷ്ണോയ് ടൈഗര്‍ ഫോഴ്സ് പൊലീസ് കമ്മീഷണര്‍ക്കും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കും വീഡിയോയില്‍ കാണുന്ന ആളുകളെയെല്ലാം തന്നെ അറസ്റ്റ് ചെയ്യണമെന്നും വന്യജീവി സംരക്ഷണ നിയമപ്രകാരം അവര്‍ക്കെതിരെയെല്ലാം കേസ് ചുമത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചിരിക്കുകയാണ്.
സംഘം പ്രദേശത്ത് നിരന്തരം പട്രോളിംഗിന് ഫോഴ്സിനെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം മുഴുവന്‍ കുറ്റക്കാര്‍ക്കെതിരെയും നടപടി എടുക്കുമെന്നാണ് അധികൃതര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഒന്നും സംഭവിച്ചില്ലായെങ്കില്‍ വ്യാഴാഴ്ച കളക്ടറേറ്റില്‍ പ്രതീകാത്മകമായി പ്രകടനം നടത്തുമെന്നും ബിഷ്ണോയ് ടൈഗര്‍ ഫോഴ്സ് മേധാവിയായ രാംപാല്‍ ഭവദ് പറഞ്ഞു.
വീഡിയോ ലൂണിയിലെ പനസിങ് നഗറിലെ ഫാമില്‍ നിന്നുള്ളതാണെന്നാണ് വിവരം. ജോധ്പൂര്‍-ബാര്‍മര്‍ അതിര്‍ത്തിയില്‍ നിരവധി വേട്ടക്കാര്‍ തമ്പടിക്കാറുണ്ട് എന്നും ചിങ്കാരകളെ വേട്ടയാടിയ ശേഷം ഇവയെ ഇതുപോലെയുള്ള ആളുകള്‍ക്കും വിവിധ ഹോട്ടലുകള്‍ക്കും നല്‍കാറുണ്ട് എന്നും വന്യജീവി പ്രവര്‍ത്തകനായ ഓം പ്രകാശ് പറഞ്ഞു. ഫോറസ്റ്റ് ഓഫീസര്‍മാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് ചിങ്കാരയല്ല, ആടാണെന്നും പറഞ്ഞ് വാദം ഉയര്‍ന്നിട്ടുണ്ട്.






