തിരുവനന്തപുരം: വിവാദ വ്യവസായി ഫാരിസ് അബൂബക്കര്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവാണെന്ന പ്രചാരണത്തെ പരിഹസിച്ച് മന്ത്രി. ഞാനറിയാത്ത ഒരു പുതിയ അമ്മാവനെ കൂടി എനിക്ക കിട്ടി. ഇതുവരെ നേരില്‍ കാണുകയോ ഫോണില്‍ സംസാരിക്കുക പോലുമോ ചെയ്യാത്ത ആളാണ് ഫാരിസ് അബൂബക്കറെന്നും മന്ത്രി പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ആര്‍ക്കും ആരെക്കുറിച്ചും ആരോപണം പറയാവുന്ന അവസ്ഥയാണ്. ഇങ്ങോട്ടുപറയുമ്പോള് അങ്ങോട്ട് കേള്‍ക്കാനുള്ള സഹിഷ്ണുത കാണിക്കണമെന്നും മന്ത്രി പറഞ്ഞൂ.
മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും പി സി ജോര്‍ജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഫാരിസ് അബുബക്കറിനെതിരെ ഇന്‍കം ടാക്സ് റെയ്ഡിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയിരിക്കുകയാണ്. കൊച്ചിയിലടക്കം ഭൂമി വാങ്ങിക്കൂട്ടാന്‍ വന്‍ തോതില്‍ കളളപ്പണ ഇടപാട് നടത്തി എന്ന വിവരത്തെത്തുടര്‍ന്നാണിത്. നികുതി വെട്ടിച്ച് കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകള്‍ നടത്തിയതും വിദേശത്തുവച്ച് പണം കൈമാറ്റം നടത്തിയതുമാണ് ഇന്‍കം ടാക്സ് അന്വേഷിക്കുന്നത്. ഈ ഇടപാടുകളിലെ കളളപ്പണം സംബന്ധിച്ചാണ് എന്‍ഫോഴ്സ്മെന്റ് പരിശോധന.






