
7,000 വര്‍ഷം പഴക്കമുള്ള സൗദി അറേബ്യയിലെ മരുഭൂമി സ്മാരകത്തിനുള്ളില്‍ മനുഷ്യനെ അടക്കം ചെയ്തതിന്റെ തെളിവുകള്‍ ലഭിച്ചെന്ന് പുരാവസ്തു ഗവേഷകര്‍. നൂറ് കണക്കിന് മൃഗങ്ങളുടെ അസ്ഥികളാണ് ഈ സ്മാരകത്തിനുള്ളില്‍ ചിതറിക്കിടക്കുന്നത്. ഇതിന് സമീപത്താണ് ഒരു മനുഷ്യനെ അടക്കം ചെയ്തതിന്റെ തെളിവുകള്‍ ലഭിച്ചത്. പരിശോധനയില്‍ ഏകദേശം 30 വയസ് പ്രായമുള്ള ഒരു യുവാവിന്റെ അസ്ഥികൂടമാണ് ഇതെന്ന് തെളിഞ്ഞു.
ചരിത്രാതീത കാലത്ത് ആരാധനാക്രമം ഉപയോഗിച്ചിരുന്ന ഒരു ആചാരപരമായ സ്ഥലമായി 7000 വര്‍ഷം പഴക്കമുള്ള മുസ്റ്റാറ്റില്‍ കരുതപ്പെടുന്നു. ദീര്ഘചതുരാകൃതിയ്ക്ക് ഉപയോഗിക്കുന്ന അറബി പദത്തില്‍ നിന്നാണ് മുസ്റ്റാറ്റില്‍ എന്ന പേരുണ്ടായത്. ഇന്ന് മിക്കവാറും മരുഭൂമി വിഴുങ്ങിയ ഈ പ്രദേശങ്ങള്‍ അക്കാലത്ത് സമൃദ്ധമായ പുല്‍മേടായിരുന്നു. ആനകളടക്കം ജീവിച്ചിരുന്നെന്ന് കരുതുന്ന സമയത്താണ് ഈ പ്രദേശത്ത് മുസ്റ്റാറ്റിനുകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നത്.
ചില ജേര്‍ണലുകള്‍ കാലാവസ്ഥാ വ്യതിയാനം കാരണം ഈ പുല്‍മേട് മരുഭൂമിയാക്കപ്പെട്ടതാകാമെന്നാണ് പറയുന്നത്. ദൈവങ്ങള്‍ക്ക് കന്നുകാലികളെ ബലി നല്‍കാനായി പണ്ടു കാലത്തെ മനുഷ്യര്‍ ഒത്തുകൂടിയ സ്ഥലമാകാം മുസ്റ്റാറ്റിനുകള്‍. 10 മുസ്റ്റാറ്റിലുകള് മാത്രമാണ് ഇതുവരെ ഖനനം ചെയ്തിട്ടുള്ളത്. കൂടുതല്‍ മുസ്റ്റാറ്റിലുകള് ഖനനം ചെയ്താല്‍ മാത്രമേ പുരാതന ജനതയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമാകൂ. സൗദി അറേബ്യയിലെ അല്‍ഉലയില്‍ നിന്ന് ഏകദേശം 55 കിലോമീറ്റര്‍ കിഴക്കായിട്ടാണ് മുസ്റ്റാറ്റിനുകള്‍ കൂടുതലും കണ്ടെത്തിയിട്ടുളളത്.






