
എത്ര കണ്ടാലും മതിവരാത്ത ഇടമാണ് ആഴക്കടല്‍. അത്രയ്ക്ക് മനോഹരമാണ് കടലും അതിന്റെ സവിശേഷതകളും. വിനോദ സഞ്ചാരികളും മത്സ്യബന്ധനം നടത്തുന്നവരും എല്ലാം കടലില്‍ നിന്നുള്ള അതിശയിപ്പിക്കുന്ന നിരവധി വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്. അവയെല്ലാം ഏറെ ശ്രദ്ധ നേടിയിട്ടുമുണ്ട്. ഇത്തരം വീഡിയോകളില്‍ പ്രധാനമാണ് മത്സ്യങ്ങള്‍.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വൈറലായ ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത് ഒരു നീലത്തിമിംഗലമായിരുന്നു. ദൂരെ നിന്ന് ആളുകള്‍ ഇവയെ കണ്ടിട്ടുണ്ടെങ്കിലും തൊട്ടടുത്ത് ഇവ എത്തിയാല്‍ എന്തായിരിക്കും അവസ്ഥ. കടലില്‍ കൂടി സഞ്ചരിച്ചിരുന്ന ബോട്ടിനടുത്തേക്ക് നീന്തി എത്തുന്ന നീല തിമിംഗലത്തെയാണ് വീഡിയോയില്‍ കാണുന്നത്. പിന്നെ നടന്നതെല്ലാം വര്‍ണ്ണിക്കാന്‍ കഴിയാത്ത ഭംഗിയുള്ള കാഴ്ചയായിരുന്നു.
ശാന്ത സുന്ദരമായ നീല കടലിലൂടെ വളരെ പതുക്കെ നീങ്ങുകയാണ് ബോട്ട്. ബോട്ടില്‍ ഇരുന്ന യുവതി നോക്കുമ്പോള്‍ തങ്ങളുടെ സഞ്ചാര ദിശയില്‍ വരുന്നതാകട്ടെ സാക്ഷാല്‍ നീല തിമിംഗലവും. എന്നാല്‍ രണ്ടാമതൊന്നു ചിന്തിക്കാതെ ബോട്ടിനരികിലേക്ക് എത്തുന്ന തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയാണ് സ്ത്രീ. ബോട്ടില്‍ നിന്നും കമിഴ്ന്നു കിടന്ന് ആ സ്ത്രീ തന്റെ സെല്‍ഫി സ്റ്റിക്കില്‍ ഗോപ്രോ ഉപയോഗിച്ച് കടലിനടയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
നീലത്തിമിംഗലം ബോട്ടിന് തൊട്ടടുത്ത് എത്തുന്നവരെ അവര്‍ ഗോപ്രോ ഉപയോഗിച്ച് വീഡിയോ പകര്‍ത്തുന്നുണ്ട്. ബോട്ടിന് തൊട്ടടുത്തെത്തുന്ന നീലത്തിമിംഗിലം പതുക്കെ സമീപത്ത് കൂടി നീന്തി മറുപുറം കടക്കുന്നു. അവസാനത്തെ ഷോട്ടിലും ചക്രവാളം പോലും പെട്ടെന്ന് മനസിലാകാത്ത നീലനിറം കാണാം. കടലും ആകാശവും വളരെ ശാന്തമാണ്. ആ ശാന്തതയെ ഭേദിക്കാതെ തന്നെ നീലത്തിമിംഗിലം ആകാശത്തേക്ക് വെള്ളം ചീറ്റിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
വീഡിയോ എവിടെ നിന്നാണ് ചിത്രീകരിച്ചതെന്ന വിവരം പങ്കുവച്ചിട്ടില്ലെങ്കിലും വീഡിയോ നിരവധി മൃഗസ്നേഹികളുടെ ശ്രദ്ധയാകര്‍ഷിച്ചു. നിമിഷ നേരം കൊണ്ട് വൈറലായ വീഡിയോ മൂന്ന് ലക്ഷത്തിലധികം പേരാണ് ഒറ്റ ദിവസം കണ്ടത്. മനോഹരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നെത്തിയത്. ഏതായാലും ഇതൊരു അത്ഭുത കാഴ്ചയാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.






