
റെയില്‍വേ പ്ലാറ്റ്ഫോമുകളിലോ, റോഡിലോ ഒക്കെ വയ്യാത്തവരെ കണ്ടാല്‍ ചിലര്‍ അത് കാര്യമാക്കാതെ നടന്നു നീങ്ങും. എന്നാല്‍, ചിലര്‍ അങ്ങനെയല്ല മറിച്ച് അധികാരികളെയോ മറ്റോ വിവരം അറിയിച്ച് അയാള്‍ സുരക്ഷിതമാണ് എന്ന് ഉറപ്പിക്കും. ഇത്തരത്തില്‍ എമ്മ ഒബാങ്ക് എന്ന സ്ത്രീ കഴിഞ്ഞ ദിവസം ഒരാള്‍ വയ്യാതെയിരിക്കുന്നത് കണ്ട് അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍, അവര്‍ വിചാരിച്ചിരുന്നത് പോലെയായിരുന്നില്ല സംഭവം.
എമ്മ സറേയിലെ വോക്കിംഗിലൂടെ കടന്നുപോകുന്ന ഒരു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരാള്‍ മഞ്ഞില്‍ തണുത്തുറഞ്ഞ് ഇരിക്കുന്നത് കണ്ടത്. അയാളെ കണ്ടാല്‍ ശരിക്കും മരിക്കാറായത് പോലെ തോന്നുമായിരുന്നു. ഇവര്‍ ഉടനെ തന്നെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയെ വിവരം അറിയിച്ചു. എന്നാല്‍, അപ്പോഴാണ് വയ്യാത്ത മനുഷ്യന് പിന്നിലെ യഥാര്‍ത്ഥ കഥ അവള് അറിയുന്നത്. എന്തെന്നാല്‍ ഇത് യഥാര്തഥത്തില് പ്രതിമയായിരുന്നു.
'ഹായ്, ഞാന്‍ ഒരു ട്രെയിനില്‍ വോക്കിംഗിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോള്‍ പ്ലാറ്റ്ഫോം ഒന്നില്‍ ഒരു ബെഞ്ചില്‍ വയ്യാത്ത ഒരാള്‍ ഇരിക്കുന്നതായി തോന്നി. സ്റ്റേഷന് ജീവനക്കാര്‍ക്ക് അദ്ദേഹം ഓക്കേ ആണോ എന്ന് പരിശോധിക്കാന്‍ കഴിയുമോ?' എന്നായിരുന്നു എമ്മയുടെ ട്വീറ്റ്. ഇതിന് റെയില്‍വേയുടെ മറുപടി അത് സാരമില്ല എമ്മ, അയാള്‍ എപ്പോഴും അവിടെ ഉണ്ട്. അത് നഗരത്തിലുള്ള ചില പ്രതിമകളില്‍ ഒന്നാണ് ഇവര്‍ മറുപടി നല്‍കിയത്. മിക്കവാറും ആളുകളും എമ്മയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ചു.






