ന്യുഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ സൗജന്യ വൈദ്യുതി പദ്ധതിയല്‍ കൈകടത്താനൊരുങ്ങി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേന. സൗജന്യ പദ്ധതി അട്ടിമറിക്കാന്‍ വലിയ ഗൂഢാലോചന ഒരുങ്ങുന്നതായി വൈദ്യുതിമന്ത്രി അതിഷി ആരോപിച്ചു.
സൗജന്യ വൈദ്യുതി വിതരണം നിര്‍ത്തിവയ്പ്പിക്കാന്‍ വൈദ്യൂതി കമ്പനികളുമായി ലഫ്.ഗവര്‍ണര്‍ കൂട്ടുകെട്ട് ഉണ്ടാക്കിയതായും വൈദ്യുതിമന്ത്രി ആരോപിച്ചു. സിഎജി-എംപാനല്‍ ഓഡിറ്റര്‍മാരെ ഉപയോഗിച്ച് വൈദ്യുത കമ്പനികളെ ഓഡിറ്റിന് വിധേയമാക്കാന്‍ മുഖ്യമ്രന്തി അരവിന്ദ് കെജ്രിവാള് ഉത്തരവിട്ടു. വൈദ്യുതി കമ്പനികള്‍ക്ക് നല്കുന്ന സബ്സിഡിയായി നല്കുന്ന പണം എങ്ങനെയാണ് വിനിയോഗിക്കുന്നതെന്ന് വ്യക്തമാകുന്നതിനാണ് ഓഡിറ്റ്. ലഫ്.ഗവര്‍ണറുടെ വൈദ്യുതി കമ്പനികളുമായുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.
വൈദ്യുതി സബ്സിഡിയുമായി ബന്ധപ്പെട് ഫയലുകളൊന്നും മുഖ്യമന്ത്രിയേയോ വൈദ്യുതിമന്ത്രിയേയോ കാണിക്കുന്നില്ല. അനുചിതമായത് എന്തോ സംഭവിക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം. ഡിസ്കോം ബോര്‍ഡില്‍ സര്‍ക്കാര്‍ നിയമിച്ച വിദഗ്ധരെ നേരത്തെ തന്നെ നീക്കിയിരുന്നു. ഈ കമ്പനികളുമായി ലഫ്.ഗവര്‍ണര്‍ നേരിട്ട് ഇടപാട് നടത്തുകയാണോ എന്നതാണ് ചോദ്യം.
വൈദ്യുതി സബ്സിഡി അത്യാവശ്യക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ ഡല്‍ഹി വൈദ്യുതി റെഗുലേറ്ററി കമ്മീഷന് നേരത്തെ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കമ്മീഷന് തന്നെ ആ ശുപാര്‍ശ ഇക്കഴിഞ്ഞ ജനുവരിയില്‍ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ശുപാര്‍ശ വീണ്ടും മന്ത്രിസഭാ യോഗത്തിനു മുന്നില്‍ വയ്ക്കാനും 15 ദിവസത്തിനകം തീരുമാനമെടുക്കാനും ലഫ്.ഗവര്‍ണര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.






