
യാത്രകള്‍ക്കിടെ പല അപരിചിതരേയും നാം പരിചയപ്പെടാറുണ്ട്. സംഭാഷണത്തിനിടെ ചിലപ്പോള്‍ അവരുടെ കഥകളും കേള്‍ക്കാനിടവരും. കേള്‍ക്കുന്ന കഥകളില്‍ ചിലത് നമ്മുടെ ഹൃദയത്തെ സ്പര്ശിയ്ക്കാറുമുണ്ട്. എന്നാല്‍ അവയ്ക്കു ശേഷം കഥ പറഞ്ഞവരും, കേട്ടിരുന്നവരുമെല്ലാം രണ്ട് വഴിയ്ക്ക് പിരിയും. എന്നാല്‍, അത്തരമൊരു യാത്രയുടെ ഹൃദയ സ്പര്‍ശിയായ കഥ പറയാം.
ടിം ലെറ്റ്സ് എന്ന മുന്‍ യുഎസ് ആര്‍മി ഉദ്യോഗസ്ഥന് തന്റെ റിട്ടയര്‍മെന്റ് ജീവിതത്തിലാണ് ഇപ്പോള്‍. എന്നാല്‍, അദ്ദേഹം റിട്ടയര്‍ ചെയ്തിട്ടും വീട്ടില്‍ വെറുതെ ഇരിയ്ക്കുകയല്ല. ഇപ്പോള്‍ മത്സ്യബന്ധനം നടത്തിയും ഊബര്‍ ടാക്സി ഓടിച്ചും റിട്ടയര്‍മെന്റ് ലൈഫ് ജീവിയ്ക്കുന്നു. അങ്ങനെയിരിയ്ക്കുമ്പോഴാണ് ബില്‍ സുമിയേല്‍ എന്ന 72 കാരന് ഡയാലിസിസ് സെന്ററില്‍ നിന്നും വീട്ടിലേക്ക് മടങ്ങാന്‍ ടിമ്മിന്റെ ഊബര്‍ ടാക്സിയില്‍ കയറിയത്. ബില്‍ യാത്രയ്ക്കിടെ തന്റെ ജീവിതത്തെ കുറിച്ച് ടിമ്മിനോട് പറഞ്ഞു.
30 വര്‍ഷം മുമ്പ് ബില്ലിന് പ്രമേഹം പിടിപെട്ടു. പിന്നീടുള്ള കാലം ചികിത്സകളുടേതായിരുന്നു. ബില്ലിനു വൃക്കകള്‍ക്കും തകരാറു സംഭവിച്ചു. ആശുപത്രിയില്‍ പോയി മടങ്ങുന്ന വഴിയാണ് ഇതെന്നും, വൃക്കകള്‍ ഏതാണ്ട് തകരാറിലായതിനാല്‍ അദ്ദേഹം അവയവദാനത്തിനായി ഒരു ദാതാവിനെ അന്വേഷിക്കുകയണെന്നും. എത്രയും വേഗമൊരു ദാതാവിനെ കണ്ടെത്തണമെന്നും പട്ടികയില്‍ പേര് വരുന്നത് വരെ നോക്കി നില്‍ക്കണ്ടെന്നും ബില്ലിനോട് ഡോക്ടര്‍മാര്‍ നിര്ദ്ദേശിച്ചിരുന്നായും ദാതാവിനായുള്ള അന്വേഷണത്തിലാണ് താനെന്നും ടിമ്മിനോട് ബില്‍ പറഞ്ഞു.
അങ്ങനെ ബില്ലിന്റെ ജീവിത കഥ കേട്ട ടിം, യാത്രയ്ക്കൊടുവില്‍ ബില്ലിനു തന്റെ വൃക്കകളിലൊന്ന് നല്കാന് തീരുമാനിച്ചു. ആ മുന്‍ സൈനീക ഉദ്യോഗസ്ഥന് തന്റെ പേരും, ഫോണ്‍ നമ്പറും ഒരു കടലാസിലെഴുതി ബില്ലിന്റെ വീട്ടില്‍ നല്കി. ഒപ്പം ടിമ്മിന്റെ തീരുമാനവും അറിയിച്ചു. അങ്ങനെ നടത്തിയ പരിശോധനയില്‍ ടിമ്മിന്റെ വൃക്ക ബില്ലിന് അനുയോജ്യമാണെന്ന് കണ്ടെത്തി.
അതോടെ മൂന്ന് വര്‍ഷത്തെ ബില്ലിന്റെ കാത്തിരിപ്പിനു വിരാമമിട്ടു. ബില്‍ സാമൂഹിക മാധ്യമങ്ങളില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തന്നെ കാണാനെത്തിയ ടിമ്മിന്റെ ചിത്രം പങ്കുവച്ചു. ടിമ്മിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്ന് ടിം ലെറ്റ്സ് ജര്‍മ്മനിയിലാണ് താമസിക്കുന്നതെങ്കിലും തന്റെ ജീവന് രക്ഷിച്ചയാളുമായി ഇപ്പോഴും സൗഹൃദം സൂക്ഷിയ്ക്കുന്നുണ്ടെന്നും ബില്ല് പറയുന്നു.






