
സ്വന്തം കുഞ്ഞിനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ റഷ്യന്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജനിച്ച് ദിവസങ്ങള്‍ മാത്രമായ കുട്ടിയാണ് ദമ്പതികളുടെ അശ്രദ്ധയില്‍ കൊല്ലപ്പെട്ടത്. 33 -കാരിയായ ഒക്സാന മിറോനോവ എന്ന സ്ത്രീയെയും അവരുടെ ഭര്‍ത്താവ് 43 കാരനായ മാക്സിം ലിയുട്ടിയെയും ഇതേ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഇരുവരും പൊലീസ് നിരീക്ഷണത്തില്‍ വീട്ടുതടങ്കലിലാണ്.
മാക്സിം ഒരു ഭക്ഷ്യവിദഗ്ധനാണ്. ഇദ്ദേഹം തന്റെ പോഷകാഹാര സംവിധാനം കുഞ്ഞില്‍ പരീക്ഷിച്ചതാണ് മരണകാരണമായതെന്നാണ് പോലീസ് വെളിപ്പെടുത്തല്‍. ആവശ്യമായ ഭക്ഷണപാനീയങ്ങള്‍ നല്‍കാതെ സൂര്യപ്രകാശം മാത്രം ഏല്‍പ്പിച്ച് കുഞ്ഞിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാനാണ് ഇവര്‍ ശ്രമിച്ചത്. ഇത് ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടില്‍ കഠിനമായ ക്ഷീണമാണ് കുഞ്ഞിന്റെ മരണകാരണമായി പറയപ്പെടുന്നത്.
ഒരു മാസം മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞ് മരണപ്പെടുന്നത്. ന്യുമോണിയയും പട്ടിണിയെ തുടര്‍ന്നുണ്ടായ തളര്‍ച്ചയും ഗുരുതരമായപ്പോഴാണ് കുഞ്ഞിനെ സോചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് കുഞ്ഞ് മരണപ്പെടുകയായിരുന്നു. ദാരുണമായ മരണത്തിന്റെ സാഹചര്യങ്ങള്‍ റഷ്യന്‍ അന്വേഷണ സമിതി പരിശോധിച്ചു വരികയാണ്.
വീട്ടില്‍ തന്നെയാണ് കുഞ്ഞ് ജനിച്ചതെന്നും തുടര്‍ന്ന് കുഞ്ഞിന്റെ മുഴുവന്‍ ശുശ്രൂഷകളും നടത്തിവന്നിരുന്നത് ദമ്പതികള്‍ തന്നെയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മാക്സിം ലിയുട്ടി സ്വന്തമായി ഒരു ജീവിതശൈലി പിന്തുടര്ന്ന് വരുന്ന ആളാണ്. ദമ്പതികള്‍ തങ്ങളുടെ പോഷകാഹാരം സംവിധാനവും, ജീവിതശൈലി രീതികളും കുട്ടിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് പൊലീസ് നിരീക്ഷണം. കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് ക്രിമിനല്‍ കേസ് ആരംഭിച്ചു.






