
പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ സ്വീകരിച്ച സിനിമയാണ് ‘പൊന്നിയിന്‍ സെല്‍വം.’ സിനിമ മികച്ച വിജയം നേടി മുന്നേറിക്കഴിഞ്ഞപ്പോള് മുതല്‍ അതിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ‘പൊന്നിയിന്‍ സെല്വന് 2' ലെ പുതിയ ടീസറും പോസ്റ്ററും പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ റായ് ബച്ചന്. ചിത്രത്തിലെ നന്ദിനി എന്ന കഥാപാത്രം നിഗൂഢമായ ഭാവത്തോടെ വിദൂരതയിലേക്ക് നോക്കുന്ന ടീസറാണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്.
ടീസറിനൊപ്പം ഐശ്വര്യയും വിക്രമും ഒന്നിച്ചുള്ള ഒരു പോസ്റ്ററും നടി പങ്കുവെച്ചിട്ടുണ്ട്. ‘അവരുടെ കണ്ണുകളില്‍ തീയും, ഹൃദയത്തില്‍ സ്നേഹവും, വാളില്‍ രക്തവുമാണ്. സിംഹാസനത്തിനായി പോരാടാന്‍ ചോളന്മാര് വീണ്ടും വരും!’ എന്ന ക്യാപ്ഷനും താരം പങ്കിട്ടിട്ടുണ്ട്. പോസ്റ്ററിൽ, ഐശ്വര്യ കുറച്ച് വിളക്കുകള്‍ കത്തിക്കുന്നത് കാണാം, വിക്രം ദൂരത്തേക്ക് തീവ്രമായി നോക്കുന്നതും കാണാം.
‘ആ കണ്ണുകള്‍ ഒരു വാക്ക് പോലും ഇല്ലാതെ ഒന്നിലധികം കാര്യങ്ങള്‍ പറയുന്നു, ഈ രാജ്ഞി എല്ലാ സ്ക്രീനുകളും തീപടര്‍ത്തും’ എന്നതടക്കം കമന്റുകള്‍ ടീസറിന്റെയും പോസ്റ്ററിന്റെയും താഴെ നിറയുന്നത്. മണിരത്നം സംവിധാനം ചെയ്ത ഈ ചരിത്ര സിനിമ കൽക്കിയുടെ അതേ പേരിലുള്ള കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിയാൻ വിക്രം, ഐശ്വര്യ റായ് ബച്ചൻ, കാർത്തി, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ലാൽ, ശോഭിത ധൂലിപാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെ ബിഗ് സ്ക്രീനിലേക്കുള്ള വന്‍തിരിച്ചുവരവ് കൂടിയായിരുന്നു ഈ ചിത്രം.






