
മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്വന്’ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സിനിമയുടെ രണ്ടാം ഭാഗം ഏപ്രില്‍ 28 നാണ് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു. ചടങ്ങിനെത്തിയ ഓരോ താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മിക്ക താരങ്ങളും റോയല്‍ ലുക്കിലാണ് ചടങ്ങിനെത്തിയത്. ഇപ്പോഴിതാ എണ്പതു കാലഘട്ടത്തിലെ താരങ്ങളായ ശോഭന, രേവതി, ഖുശ്ബു എന്നിവര്‍ ചടങ്ങിനെത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മണിരത്നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയും ചിത്രത്തിലുണ്ട്. റോയല്‍ ലുക്കില്‍ രാജ്ഞിമാരെ പോലെ തിളങ്ങിയാണ് ഇവര്‍ ചടങ്ങില്‍ ശ്രദ്ധിക്കപ്പെട്ടത്. പൊന്നിയിന്‍ സെല്‍വന്റെ നിര്‍മാണ കമ്പനിയായ മദ്രാസ് ടാക്കീസാണ് ഈ ചിത്രം പങ്കുവച്ചത്. ആരാധകര്‍ ഏറ്റെടുത്ത ഈ ചിത്രത്തിനു താഴെ ‘ക്യൂന്‍സ്’ എന്നാണ് കമന്റുകള്‍ വരുന്നത്.
ആദ്യ ഭാഗത്തിന്റെ ഓഡിയോ ലോഞ്ച് സമയത്തും സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ നിറഞ്ഞത് ‘പിഎസ്1’ താരങ്ങളുടെ ചിത്രങ്ങളായിരുന്നു. ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തുക. അഞ്ഞൂറ് കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയത്. ആദ്യ ഭാഗം 500 കോടിയടുത്ത് തന്നെ നേടിയിരുന്നു. ‘പൊന്നിയിന്‍ സെല്വന്’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്, ജയമോഹന് (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. രവി വര്‍മ്മന്റെ ക്യാമറയും എ ആര് റഹ്മാന്റെ സംഗീതവും ഈ സിനിമയുടെ ഹൈലൈറ്റാണ്.






