
സൗത്ത് കൊറിയയില്‍ നിന്നുള്ള ഒരു വനിത സ്വന്തമായി ഡ്രൈവിംഗ് ലൈസന്‍സ് നേടിയെടുക്കാന്‍ പരിശ്രമം നടത്തിയത് 960 തവണ. ഇവര്‍ 959 തവണ പരാജയപ്പെട്ടെങ്കിലും പിന്മാറാന് തയ്യാറായില്ല. ഒടുവില്‍ അവള് തന്റെ 960 -ാമത്തെ ശ്രമത്തില്‍ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു. സംഭവം നടന്നത് 18 വര്‍ഷങ്ങള്‍ക്കു മുന്‍പാണെങ്കിലും ചാ സ സൂണ്‍ എന്ന സ്ത്രീയുടെ ദൃഢനിശ്ചയത്തിന്റെ കഥ വീണ്ടും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വൈറലാവുകയാണ്.
ചാ സ സൂണ്‍ ഡ്രൈവിംഗ് ലൈസന്‍സിനുള്ള എഴുത്ത് പരീക്ഷയില്‍ ആദ്യമായി പങ്കെടുക്കുന്നത് 2005 ഏപ്രിലാണ്. പക്ഷേ, ഇവര്‍ ഇതില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് മൂന്നുവര്‍ഷത്തോളം ആഴ്ചയില്‍ അഞ്ചു ദിവസം വീതം വീണ്ടുമവര്‍ പരീക്ഷ എഴുതി കൊണ്ടേയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. എങ്കിലും ഇവര്‍ പരീക്ഷയെഴുതുന്നത് നിര്‍ത്തിയില്ല. പിന്നീട് വന്ന ആഴ്ചകളിലും രണ്ടുതവണ വീതം പരീക്ഷ എഴുതുന്നത് തുടര്‍ന്നു. ഒടുവില്‍ 860 എഴുത്ത് പരീക്ഷകള്‍ക്ക് ശേഷം ഇവര്‍ വിജയിച്ചു.
കൂടുതല്‍ ദുഷ്കരമായ പ്രാക്ടിക്കല്‍ പരീക്ഷ വിജയിക്കുക എന്നതായിരുന്നു ഇവരുടെ അടുത്ത പ്രതിസന്ധി. എന്നാല്‍ 10 തവണത്തെ നിരന്തരമായ പരിശ്രമത്തിനുശേഷം ഇവര്‍ പ്രാക്ടിക്കല്‍ പരീക്ഷ വിജയിച്ചു. അഞ്ചുവര്‍ഷം കൊണ്ട് തുടര്‍ച്ചയായി 960 പരീക്ഷകളില്‍ പങ്കെടുത്ത് ഡ്രൈവിംഗ് ലൈസന്‍സ് നേടുമ്പോള്‍ ചാ സ സൂണിന് പ്രായം 69 ആയിരുന്നു. 11,000 പൗണ്ടാണ് ഈ ടെസ്റ്റുകളില്‍ വിജയിക്കാനായി ഇവര്‍ ചെലവഴിച്ചത് . അതായത് 11,15,273 രൂപ.
റെഡ്ഡിറ്റില്‍ ചാ സാ-സൂണിന്റെ കഥ വീണ്ടും വൈറലായതോടെ നിരവധി പേരാണ് ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.ചാ സാ-സൂണിന്റെ കഥ അവളെ ഒരു ദേശീയ സെലിബ്രിറ്റിയാക്കി മാറ്റി. ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് അന്ന് അവര്‍ക്കൊരു പുതിയ വാഹനവും സമ്മാനമായി നല്‍കിയിരുന്നു.






