തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ ചടങ്ങില്‍ കെ.മുരളീധരനോട് കാണിച്ചത് നീതികേടെന്ന് ശശി തരൂര്‍ എം.പി. അദ്ദേഹം സീനിയര്‍ നേതാവ് മാത്രമല്ല, മുന്‍ കെപിസിസി അധ്യക്ഷനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രചാരണ കമ്മിറ്റി ചെയര്‍മാനായിരുന്നു. പാര്‍ട്ടിയെ നന്നാക്കി മുന്നോട്ടു കൊണ്ടുപോകണമെന്ന്ആഗ്രഹമുണ്ടെങ്കില് ഇങ്ങനെ പെരുമാറരുത്. മറ്റ് മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുത്തിട്ട് അദ്ദേഹത്തെ ഒഴിവാക്കിയത് ശരിയായില്ല. എല്ലാവര്ക്കും ഒരേ മാനദണ്ഡം ബാധകമാക്കണം. മുരളീധരന്റെ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം നിലപാട് തിരുത്തണം.
ഇത് അനാവശ്യമായ വിവാദമാണ്. മറ്റാര്‍ക്കെങ്കിലും ഇതില്‍ മറ്റ് ചില ലക്ഷ്യങ്ങളുണ്ടോയെന്ന് തനിക്കറിയില്ല. അത് മാധ്യമങ്ങള്‍ പരിശോധിക്കണം. പാര്‍ട്ടിക്ക് പറ്റിയ തെറ്റ് തിരുത്തണം. എല്ലാക്കാര്യത്തിലും അഭിപ്രായം പറയുന്നില്ല. എന്നാല്‍ പാര്‍ട്ടിയില്‍ എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകണമെന്നും തരൂര്‍ പറഞ്ഞു.
തന്നെ ക്ഷണിച്ച പ്രകാരമാണ് വൈക്ക് ചടങ്ങിനെത്തിയത്. എന്നാല്‍ സംസാരിക്കാന്‍ അവസരമൊരുക്കിയില്ല. അതില്‍ തനിക്ക് പരിഭവമില്ല. ഒരു വര്‍ഷത്തെ പരിപാടിയില്‍ ഇനി അവസരം ലഭിച്ചേക്കാം. പരിപാടിയില്‍ താന്‍ നല്ലരീതിയില്‍ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രകാരന് കൂടിയായ തരൂരിനെ അവഗണിക്കുന്നത് ചരിത്രം തിരുത്തിയെഴുതാനാണോയെന്ന ചോദ്യത്തിന് 'താന്‍ കഴിഞ്ഞ ദിവസം ഗുരുവായൂര്‍ നടന്ന ചടങ്ങില്‍ സംസാരിച്ചിരുന്നുവെന്നും' തരൂര്‍ പറഞ്ഞു.
വൈക്കം സത്യാഗ്രഹ ശതാബ്ദി ചടങ്ങില്‍ െക.മുരളീധരനെ പ്രസംഗിക്കാന്‍ ക്ഷണിച്ചില്ലെന്നൂം പാര്‍ട്ടി പത്രത്തില്‍ പോലും പേര് ഉള്‍പ്പെടുത്തിയില്ലെന്നതും വിവാദമായിരുന്നു.






