
ലക്നൗ; ഇരുപത്തിനാല് വയസ്സുകാരനായ വിദ്യാര്‍ത്ഥി വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ സാകിര്‍ നഗറിലെ ഖ്വാര്‍സിയിലാണ്. പിതാവിനെ 38 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 47 തവണ വിദ്യാര്‍ഥി കുത്തിയെന്നാണു വിവരം. അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ (എഎംയു) രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ മുഹമ്മദ് ഘുലാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ കൊലപ്പെടുത്തിയത് പിതാവായ മുഹമ്മദ് ഇസഹാഖ് (60) മാതാവായ ഷെഹ്സാദി ബീഗം (58) എന്നിവരെയാണ്.ഇവരും 18-30 വയസ്സിന് ഇടയിലുള്ള മറ്റു മൂന്നു മക്കളും ഖ്വാര്‍സിയില്‍ വാടക വീട്ടില്‍ കഴിയുകയായിരുന്നു. മുഹമ്മദ് ഇസഹാഖ് ഒരു പള്ളിയിലെ ഇമാം ആയിരുന്നു. റാംപുരില്‍ ജീവിച്ചിരുന്ന കുടുംബം കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനായാണ് ഇങ്ങോട്ടു മാറിയതെന്ന് വീട്ടുടമസ്ഥന് മുഹമ്മദ് സലീം പറഞ്ഞു. ഇയാള്‍ പറയുന്നത് ഇസഹാഖും ഭാര്യയും നല്ല മനുഷ്യരായിരുന്നുവെന്നും ഖുലാമുദ്ദീന് മനസിക പ്രശ്നമുണ്ടായിരുന്നുവെന്നുമാണ്.
മാതാപിതാക്കളെ മകന് ആക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 38 സെക്കന്റായിരുന്ന വീഡിയോയുടെ ദൈര്‍ഘ്യം. ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ ജനലിനു പുറത്തുനിന്ന് മാതാപിതാക്കളെ വെറുതേ വിടണമെന്ന് ആവശ്യപ്പെടുന്നതും കേള്‍ക്കാം.
ഇസഹാഖിന്റെ മൂത്ത മകന് അറിയിച്ചത് കുടുംബത്തിനൊപ്പം ഉറങ്ങുകയായിരുന്നു ഘുലാമുദ്ദീന് എന്നും രാത്രിയില്‍ പെട്ടെന്ന് എഴുന്നേറ്റ് കത്രിക ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നുവെന്നാണ്. മാതാപിതാക്കളുടെ കരച്ചില് കേട്ട് മറ്റ് കുട്ടികള്‍ എഴുന്നേറ്റ് ബഹളം വയ്ക്കുകയും തുടര്‍ന്ന് അയല്‍ക്കാരും സ്ഥലത്തെത്തി ചേരുകയായിരുന്നു. എന്നാല്‍ പ്രതി മരിക്കുന്നത് വരെ മാതാപിതാക്കളെ കുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.






